ബംഗാള്‍:(www.thenorthviewnews.in)കേന്ദ്രമന്ത്രി വി മുരളീധരന്‍റെ കാറിന് നേരെ പശ്ചിമ ബംഗാളിൽ ആക്രമണം. വോട്ടെണ്ണലിന് പിന്നാലെ സംഘർഷം നടന്ന പശ്ചിമ മിഡ്നാപൂരിലെ സന്ദർശനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് വി മുരളീധരൻ ആരോപിച്ചു. ഒരു സംഘം വലിയ വടികളുമായി മുരളീധരന്‍ യാത്ര ചെയ്ത കാറിന് മുന്‍പിലേക്ക് ഓടിവരുന്നത് ദൃശ്യത്തില്‍ കാണാം. കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പക്ഷേ സുരക്ഷാവ്യൂഹത്തെ മറികടന്ന് ഒരു സംഘം കാര്‍ ആക്രമിച്ചു എന്നത് സുരക്ഷാ വീഴ്ചയാണ്.

ബംഗാളില്‍ വോട്ടെടുപ്പിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ ബിജെപിയും തൃണമൂലും പരസ്പരം പഴിചാരുകയാണ്. തൃണമൂലിനെ പിന്തുണയ്ക്കുന്ന ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയും സ്ത്രീകളെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും ബിജെപി അനുകൂലികളുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം അക്രമത്തിന് ഉത്തരവാദികള്‍ ബിജെപി ആണെന്നാണ് തൃണമൂലിന്‍റെ മറുപടി. തന്‍റെ പ്രവര്‍ത്തകരോട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും വിജയം ആഹ്ലാദിക്കാന്‍ വീട് വിട്ടിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മമത പറഞ്ഞു. ക്രമസമാധാന ചുമതല ഏറ്റെടുത്തിരിക്കുന്നത് കേന്ദ്രസേനയാണ്. ഇന്നത്തെ അവസ്ഥയില്‍ കുറ്റപ്പെടുത്തേണ്ടത് അവരെയാണ്. നാണം കെട്ട തോല്‍വി സഹിക്കാനാവാതെ ബിജെപി വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

അതിനിടെ അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് തലപ്പത്ത് മമത ബാനര്‍ജി അഴിച്ചുപണി നടത്തി. ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥരടക്കം 29 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. ഡിജിപി ചുമതലയില്‍ നിന്നും നീക്കം ചെയ്ത ഡി.ജി വീരേന്ദ്രയെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. ഫെബ്രുവരി 27ന് (എഡിജി ലോ ആന്റ് ഓർഡർ) അഗ്നിരക്ഷാ വകുപ്പിലേക്ക് മാറ്റിയ ജാവേദ് ഷമീമിനെയും സസ്പെന്‍ഷനിലായിരുന്ന ഡയറക്ടര്‍ സെക്യൂരിറ്റി വിവേക് സഹായിയെയും തല്‍സ്ഥാനത്തേക്ക് തന്നെ നിയമിച്ചതായി ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. പ്രഥമ പരിഗണന കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണെന്നു ക്രമസമാധാനനില പുസ്ഥാപിക്കുമെന്നും മമത വ്യക്തമാക്കുകയുണ്ടായി.


Post a Comment

Previous Post Next Post