തിരുവനന്തപുരം:(www.thenorthviewnews.in)  നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഓരോവോട്ടര്‍മാരെയും കണ്ട് അവസാന വട്ട പ്രചരണം കൂടി പൂര്‍ത്തിയാക്കാന്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍.

ഇന്നലെ ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ആളുകളെയൊക്കെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള അവസാന തിരക്കിലാകും ഇന്ന് സ്ഥാനാര്‍ത്ഥികള്‍.

തുടര്‍വിജയം തേടിയാണ് എല്‍ഡിഎഫ് ചേലക്കരയില്‍ ഇറങ്ങുന്നത്. 1996 ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് യുഡിഎഫ് രമ്യാഹരിദാസിനെ ഇറക്കിയിരിക്കുന്നത്്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസമാണ് ചേലക്കരയിലും ബിജെപി പ്രതീക്ഷിക്കുന്നത്. മൂന്ന് മുന്നണികളെയും വെല്ലുവിളിക്കുകയാണ് ഡിഎംകെ സ്ഥാനാര്‍ഥി എന്‍ കെ സുധീര്‍.

മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ചെറുതുരുത്തിയില്‍ ആരംഭിക്കും. കഴിഞ്ഞ ദിവസത്തെ കൊട്ടിക്കലാശത്തില്‍ ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ അവസാനവട്ട പ്രചരണത്തിനായി മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് അണികള്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. വയനാട്ടില്‍ ശ്രദ്ധാകേന്ദ്രമായത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ്. മണിക്കൂറുകള്‍ നീണ്ട കൊട്ടിക്കലാശം ആറരയോടെയാണ് രണ്ടിടത്തും അവസാനിച്ചത്.

Post a Comment

أحدث أقدم