കാസർകോട്:(www.thenorthviewnews.in)  അയോധ്യയിൽ നിർമ്മിക്കുന്നത് കേവലം ഒരു ക്ഷേത്രമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിൻ്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണ് ശ്രീരാമ ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

കേരളത്തിൽ സിപിഎമ്മിൻ്റെ ഭരണത്തിൽ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയിൽ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. കേരള സർക്കാർ ജനഹിതം അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ശബരിമലയിൽ ജനഹിതം സിപിഎം സർക്കാർ പാലിച്ചില്ലന്നും യോഗി പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് കേരളത്തിലെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമാകുന്ന എല്ലാ മലയാളികളോടും അദ്ദേഹം നന്ദി പറഞ്ഞു. ആദിശങ്കരൻ്റെയും ശ്രീനാരായണ ഗുരുവിൻ്റെയും ഭൂമിയാണ് കേരളം. രാജ്യത്തിൻ്റെ നാലു കോണുകളിൽ പീഠങ്ങൾ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നൽകിയ മഹാനാണ് ശ്രീശങ്കരൻ. എന്നാൽ ഇന്ന് കേരളത്തിൽ വിഭാഗീയതയും വർഗ്ഗീയതയും വളർത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരിക്കുന്നത്. ഇടതു സർക്കാർ കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവർക്ക് കേരളം സഹായം നൽകിയപ്പോൾ ഉത്തർപ്രദേശിൽ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നു. കേരളത്തിൽ കണ്ണുരടക്കം പലയിടങ്ങളിലും ദേശവിരുദ്ധ ശക്തികൾ വളരുന്നു. ഐസിസ് തീവ്രവാദികളും കേരളത്തിൽ സാന്നിധ്യം സ്ഥാപിച്ചു.  എന്നാൽ കേരളത്തിലെ സർക്കാരുകൾ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് യോഗി പറഞ്ഞു.

എല്ലാം ഹലാൽ വത്കരിക്കാനാണ്  ശ്രമിക്കുന്നത്. ഹലാൽ ബാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് സർക്കാർ പിന്തുണ നൽകുന്നു. ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് നൽകുന്നതിലും ചേരിതിരിവ് വ്യക്തമാണ്. ജാതിയും മതവും നോക്കാതെ വികസനം എല്ലാവരിലേക്കും എത്തണമെന്നതാണ് ബിജെപിയുടെ നയം. കേരളത്തിൽ അതു സംഭവിക്കുന്നില്ലന്ന് യോഗി പറഞ്ഞു.

ത്രിപുരയിലും ആസാമാലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തി. കേരളത്തിലും ബിജെപി വിജയിക്കും.  എല്ലാവരിലേക്കും വികസനമെത്താൻ ബിജെപി വരണം. വിജയ യാത്ര അതിനുള്ള മാർഗ്ഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ യോഗി ആദിത്യ നാഥിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

Post a Comment

Previous Post Next Post