മനപൂർവ്വം മറന്നു പോകുന്ന സ്വർണ്ണക്കടത്തിലെ ചില പ്രത്യേക രാഷ്ട്രീയ മാനങ്ങൾ


 (കെപിഎസ് വിദ്യാനഗർ)



പിടിക്കപ്പെട്ടത് മുതൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ ഏറെ പഴികേട്ടവരാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികൾ. കേസിൽ മാറിമാറിയുന്ന (www.thenorthviewnews.inട്വിസ്റ്റുകൾ കാരണം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുവെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപി ബന്ധങ്ങൾ കേട്ട് വരുമ്പോൾ കണ്ടു വരുന്ന മൗനങ്ങൾക്ക് ചില രാഷ്ട്രീയ മാനങ്ങൾ കടന്നുവരുന്നുണ്ട്. അതിൽ ഇവിടുത്തെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമുള്ള പങ്കുകൾ സംശയകരമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ സൂചന, ഉണ്ടത്രേ എന്ന രീതിയുള്ള നിഗമന റിപ്പോർട്ടുകൾക്ക് ആദ്യ പേജ് പകുതിയും നീക്കിവെച്ചവർ ബിജെപി ബന്ധമുള്ള ഉന്നതനെ ചോദ്യം ചെയ്ത റിപ്പോർട്ടുകൾ ഉൾപേജിൽ നാലുവരിയിൽ ഒതുക്കി എന്നാണ് വിമർശനം. ഒരു പരിധിവരെ ബിജെപി ബന്ധങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ സോഷ്യൽ മീഡിയ പോലും കേവലം ട്രോളുകളിൽ മാത്രം ഒതുങ്ങിപോവുന്നുമുണ്ട്. 

ഭരണപക്ഷത്തിന് നേരെ അടിക്കാൻ കിട്ടിയ വടി എന്ന നിലയിൽ പ്രതിപക്ഷം ആദ്യം കാട്ടിയ താത്പര്യം എന്ത് കൊണ്ടോ ബിജെപിക്ക് നേരെ സംശയങ്ങൾ വരുമ്പോൾ കാണാതെ പോവുന്നു. കേരളത്തിൽ യുഡിഎഫിന്റെ പ്രധാന ശത്രു എൽഡിഎഫ് ആണ്. ബിജെപിയുടേയും പ്രധാന ശത്രു എൽഡിഎഫ് തന്നെ. എന്നാൽ എൽഡിഎഫ് പ്രധാന ശത്രുവായി കാണുന്നത് ബിജെപിയെയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്റ്റാറ്റർജി അത് കൊണ്ട് തന്നെ യുഡിഎഫിനും ബിജെപിക്കുമുണ്ടോ എന്ന് അത് കൊണ്ട് സംശയിക്കേണ്ടിവരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായവരോട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അവിഹിതമായി ഇടപെട്ടു എന്ന പ്രഥമദൃഷ്‌ട്യ നിഗമനത്തിൽ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നത് സർക്കാരിന് ഏറ്റ തിരിച്ചടി തന്നെയാണ് എന്നു നിസ്സംശയം പറയാം. അന്വേഷണം പൂർത്തിയവുകയോ ശിവശങ്കരന് നേരെ സ്വർണ്ണക്കടത്തിൽ നേരിട്ട് തെളിവുകൾ ഉള്ളതായി അന്വേഷണ ഏജൻസി പറയുകയോ ചെയ്തിട്ടില്ല. ബിജെപി അനുഭാവ ചാനലായ ജനം ടിവിയിലെ ഉയർന്ന മേധാവിയും മാധ്യമ പ്രവർത്തകനുമായ അനിൽ നമ്പ്യാരെ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോൾ ഇതുവരെ സ്വർണ്ണക്കേസിൽ ഏറെ താത്പര്യം കാണിച്ചിരുന്ന യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങുകയോ വീര്യം കുറഞ്ഞ പ്രതികരണങ്ങൾ നടത്തുകയോ ആണ് ഉണ്ടായത്. 

രാജ്യ ദ്രോഹ കേസായ സ്വർണ്ണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തപ്പോൾ ആ വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ

ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ല എന്നും രാജ്യസ്നേഹികൾ നടത്തുന്ന ചാനലാണ് അതെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. അതേസമയം കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തുകയും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

 സ്വർണ്ണകടത്ത് കേസ് പിടിക്കപ്പെട്ട ഉടൻ അത് നയതന്ത്ര ബാഗേജ് അല്ല എന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്റെ ധൃതിപിടിച്ച പ്രതികരണവും ഇപ്പോൾ ഉണ്ടായ മാധ്യമ പ്രവർത്തകന്റെ ചോദ്യം ചെയ്യലും കൂട്ടിവായിക്കുമ്പോൾ ചില സംശയങ്ങൾ ന്യായമാണ്. മാത്രമല്ല, സ്വപ്‍നയെ വിളിച്ച അനിൽ നമ്പ്യാർ സ്വന്തം ബാഗേജ് ആണെന്ന് പറയാനും ബിജെപിക്ക് വേണ്ടി നിലകൊള്ളാനും ഉപദേശിച്ചു എന്നാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പ് പുറത്തുവിട്ടുകൊണ്ടാണ് മാധ്യമങ്ങൾ ഇത് പറഞ്ഞത് എന്നതും പ്രസക്തമാണ്. ആദ്യ ഘട്ടത്തിൽ മാധ്യമങ്ങൾ പറഞ്ഞ പല കാര്യങ്ങളും പിന്നീട് പിൻവലിക്കേണ്ടിയോ തിരുത്തേണ്ടിയോ വന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു മൊഴിയുടെ പകർപ്പ് തന്നെ പുറത്തുവരുന്നത് എന്നുമോർക്കണം. 


ആദ്യം തന്നെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഫോൺ പോയി എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അന്വേഷണ സംഘം അത് തള്ളികളയുകയുമാണ് ചെയ്തത്. ജനം ടിവി മേധാവി ചോദ്യം ചെയ്യപ്പെട്ടത് മുതൽ പ്രതിപക്ഷ നേതാവ് ദിനേന നടത്തിയിരുന്ന പത്രസമ്മേളനം അവസാനിപ്പിച്ചത് ബിജെപി ബന്ധങ്ങളെപറ്റി വന്നേക്കാവുന്ന ചോദ്യങ്ങളെ ഭയന്നുകൊണ്ടാണെന്ന് ഭരണപക്ഷ പാർട്ടി അംഗങ്ങൾ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. കേസിൽ ഇതുവരെ അറസ്റ്റിലായ 20 ലധികം പേരിൽ യുഡിഎഫ് ബിജെപി ബന്ധങ്ങൾ ഉള്ളവരും ഉണ്ട് എന്നതും ഇവരെ പ്രതിരോധത്തിലാക്കുന്നുണ്ട് എന്നാണ് വിവരം.

1 Comments

  1. സ്വർണ്ണക്കടതത് അന്വേഷണത്തിൽ പുതിയ പുതിയ പ്രതികളും വെളിപ്പെടുത്തതലും മാറി മാറി വരുന്നു..അവസാനം കാറ്റും പുകയും മാത്രമായി തീരുമോ...കണ്ട് തന്നെ അറിയണം

    ReplyDelete

Post a Comment

Previous Post Next Post