ആശങ്കയിലായി പാലക്കാട്, പ്രതിരോധം പാളുന്നു; കോവിഡ് സ്ഥിരീകരിച്ചത് 2l ആരോഗ്യ പ്രവർത്തകർക്ക്
പാലക്കാട്:(www.thenorthviewnews.in)കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മുന്നിലുള്ള പാലക്കാട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായി പരാതി. കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും 14 ജീവനക്കാർക്കു രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി, ഓഫീസ്, ജില്ലാ ടിബി സെൻ്റർ, ആർട്ടിഫിഷ്യൽ ലിംപ് ഫിറ്റിങ്ങ് സെൻ്റർ തുടങ്ങിയവ അടച്ചു. സമ്പർക്കപ്പട്ടികയിലുള്ള അൻപതിൽപരം പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആകെ 21 ആരോഗ്യ വകുപ്പു ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കും ഡ്യൂട്ടിക്ക് ശേഷം നിരീക്ഷണത്തിൽ കഴിയുന്നവർക്കും താമസത്തിനായി ഒരേ ഹാൾ തന്നെയാണ് ഏർപ്പെടുത്തിയത്. സമൂഹ വ്യാപനത്തിൻ്റെ ആശങ്കയാണു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കുവെക്കുന്നത്. രാജ്യത്തിനു പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിലെ രോഗ ബാധയാണ് എണ്ണം കൂട്ടിയെ തെങ്കിലും ആരോഗ്യ പ്രവർത്തകരെ ബാധിച്ചതാണ് ആശങ്കയ്ക്ക് കാരണം. ജില്ലയിൽ ഇന്നലെ 2 പേർ ഉൾപ്പടെ ഉറവിടം കണ്ടെത്താനാകാത്ത രോഗികൾ 5 ആയി. ഇതിൽ ഒരാൾ പോക്സോ കേസിൽ പ്രതിയായി ആലത്തൂർ സബ് ജയിലിൽ കഴിയുന്നയാളാണ്.
4 രോഗികൾക്ക് പരിശോധന ഫലം വൈകിയതിനാൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടായി. വിദേശത്തു നിന്നു വന്നു വീട്ടിൽ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ പുത്തൂർ സ്വദേശിനി നഗരസഭാ ഓഫീസിലെത്തി ക്വാറൻ്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇതൊടെ നഗരസഭയിലെ ജീവനക്കാർ നിരീക്ഷണത്തിലായി.

Post a Comment