കാസര്‍കോട്:(www.thenorthviewnews.in)മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വലിയപറമ്പ് പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ പ്രസിഡണ്ടുമായ എന്‍ കെ അബ്ദുല്‍ ഹമീദ് ഹാജി (72)യാണ് ഇന്നലെ രാത്രി അപകടത്തില്‍ മരിച്ചത്. ദുബൈയില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ മംഗ്ലൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ദുബൈയില്‍ നിന്നും വരുന്ന മകള്‍ ഷക്കീലയെ മംഗ്ലൂരു വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നതിനാണ് അബ്ദുല്‍ ഹമീദ് ഹാജി വലിയപറമ്പിലെ സുള്‍ഫിക്കര്‍(28)നെയും കൂട്ടി വലിയപറമ്പില്‍ നിന്നും തിങ്കളാഴ്ച രാത്രി 9.30 മണിയോടെ പുറപ്പെട്ടത്. കാര്‍ ഉദുമ പള്ളം കഴിഞ്ഞപ്പോഴാണ്  കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ആളെ ഇറക്കുന്നതിനായി വേഗത കുറച്ചപ്പോള്‍ തൊട്ടു പിറകിലുണ്ടായിരുന്ന ഇന്നോവ കാറിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസിന്റെ പിന്നിലിടിക്കുകയും ചെയ്തത്. കാര്‍ ബസിന്റെ അടിയിലേക്ക് പകുതിയോളം കയറി പോയി. കാറിന്റെ സുരക്ഷാ എയര്‍ബാഗ് തുറന്ന് പൊട്ടിയെങ്കിലും ഹമീദ് ഹാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ്സിലുണ്ടായിരുന്നവരും ഓടി കൂടിയ നാട്ടുകാരും ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് നുള്ളിപ്പാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹമീദ് ഹാജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post