കുണ്ടംകുഴി: (www.thenorthviewnews.in) കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ബാലനടുക്കം ഒതോത്തടുക്കത്ത് തരിശായി കിടന്ന അഞ്ച് ഏക്കര്‍ പാടത്ത് ബേഡകം സി.ഡി.എസും ഭരണസമിതിയും മൂന്നാം വാര്‍ഡ് എ.ഡി.സും ചേര്‍ന്ന് കൃഷിയിറക്കി.
കാര്‍ഷികപ്പഴമയുടെ തനത് രീതികള്‍ പുതുതലമുറയ്ക്ക് പരിചിതമാക്കുന്ന ഒട്ടേറെ പരിപാടികള്‍ നാട്ടിക്കണ്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അരങ്ങേറി. പഞ്ചായത്തിലെ എല്ലാ എ.ഡി.എസുകളില്‍ നിന്നും തൊപ്പിയും പാളയുമണിഞ്ഞ് കാര്‍ഷിക വേഷത്തില്‍ കര്‍ഷകര്‍ കൂട്ടമായെത്തി. ഘോഷയാത്രയോടെ കൃഷിക്കാരും നാട്ടുകാരും കണ്ടത്തിലേക്ക് നീങ്ങി നിലമുഴാന്‍ എരുതുകളുമായിട്ടായിരുന്നു ഘോഷയാത്ര. പഴയകാല കാര്‍ഷിക ഉപകരണങ്ങളായ ഞേങ്ങല്‍, നുകം, കോരി പാലക, വട്ടി, മുറം, മരി, തടുപ്പ, പറ, ചൂരല്‍, എടങ്ങായി, തുടങ്ങിയ വിവിധ ഇനങ്ങളുമായി നാട്ടിപ്പാട്ടുക്കൂട്ടം അകമ്പടി സേവിച്ചത് പുതിയ തലമുറയ്ക്ക് അനുഭവമായി. ചെളിക്കണ്ടത്തില്‍ നാടന്‍ പാട്ടുകള്‍, മംഗലം കളികള്‍, ആലാമിക്കളി, തിരുവാതിര വിവിധ മത്സരങ്ങളും അരങ്ങുവാണു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ആശംസകളുമായി സ്ഥലത്ത് എത്തിയിരുന്നു.

Post a Comment