കാസര്‍കോട് : (www.thenorthviewnews,in) കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കൂടംകുളം ആണവ വിരുദ്ധ നേതാവ് എസ് പി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളടക്കം സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ച കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ തന്നെ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കണ്‍വന്‍ഷനില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരടക്കം ഗുരുതര രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി നിലവില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കാസര്‍കോടിന്റെ രോഗതുരതയെ കുറിച്ച് കൃത്യമായ പഠനങ്ങളോ ഗവേഷണങ്ങളോ നടത്തി ഭാവി തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള സംവിധാനം ഒരുക്കുന്നതിന് എയിംസ് പോലുള്ള കേന്ദ്രങ്ങള്‍ അനിവാര്യമാണെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, കെ ചന്ദ്രാവതി, അരുണി കാടകം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment