കാസര്‍കോട്: (www.thenorthviewnews.in) കാസര്‍കോട്ടെ വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ വാഹന നമ്പറുകളിലും വ്യാജ വാഹനങ്ങള്‍ ഓടാന്‍ സാധ്യതയുണ്ട്.  ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇരുചക്രവാഹനം വ്യാജ നമ്പര്‍ പതിച്ച ഇരുചക്രവാഹനമണെന്ന് പോലീസ് കണ്ടെത്തിയത്.

കാസര്‍കോട് പന്നിപ്പാറ സ്വദേശി അബ്ദുള്‍ റസാഖിന്റെ പേരിലുള്ള വാഹനത്തിന്റെതാണ് ഈ നമ്പര്‍. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെപോയ ബൈക്ക് പോലീസ് പിന്തുടരുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തു. പിന്നീട് രജിസ്‌ട്രേഷന്‍ നമ്പറിലെ അന്വേഷണത്തിലാണ് യഥാര്‍ഥ ബൈക്കുടമ അബ്ദുള്‍ റസാഖിനെ കണ്ടെത്തിയത്. തന്റെ വാഹനം കൈയിലുണ്ടെന്നറിയിച്ച അബ്ദുള്‍ റസാഖിനെ പോലീസ് വിളിപ്പിച്ചു. ഇതോടെയാണ് പോലീസ് കണ്ടെത്തിയ ബൈക്ക് വ്യാജനാണെന്ന് മനസ്സിലായത്.
ഈ വാഹനത്തിന്റെ ചെയ്സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ മംഗളൂരു രജിസ്ട്രേഷനിലുള്ള ബണ്ട്വാള്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഇതുപ്രകാരം വാഹനത്തിന്റെ യാഥാര്‍ഥ നമ്പറും കണ്ടെത്തി. യഥാര്‍ഥ ബൈക്കിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വ്യാജനമ്പര്‍ വാഹനങ്ങള്‍ കാസര്‍കോട്ട് വ്യാപകമാണെന്നും ഇതിനു മുന്‍പും ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കാസര്‍കോട് സി.ഐ. അബ്ദുള്‍ റഹിം അറിയിച്ചു. നേരത്തേ നടത്തിയിരുന്ന വാഹനപരിശോധന കുറഞ്ഞതോടെ ഇത്തരത്തിലുള്ള തട്ടിപ്പ് സജീവമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജ വാഹനം പിടികൂടിയതോടെ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post