കാസര്‍കോട്:(www.thenorthviewnews.in)കണ്ണൂര്‍ സര്‍വകലാശാലയിലെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പട്ടികയില്‍ അബദ്ധങ്ങളുടെ പെരുമഴ. പ്രവേശനം റദ്ദാക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ച കോളജിലേക്കും വിദ്യാര്‍ഥികള്‍ക്ക് അലോട്‌മെന്റ് നല്‍കിയതിനു പുറമേ, ഫീസടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അലോട്‌മെന്റ് ലഭിക്കുകയും ചെയ്തു.
പ്രശ്‌നം കണ്ടെത്തിയതോടെ സര്‍വകലാശാലയുടെ രണ്ടാം അലോട്‌മെന്റ് റദ്ദാക്കി. തെറ്റുകള്‍ തിരുത്തിയശേഷം അലോട്‌മെന്റ് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കും. കാസര്‍കോട് ജില്ലയിലെ പടന്ന ഷറഫ് കോളജിലേക്കുള്ള ഈ അധ്യയന വര്‍ഷത്തെ പ്രവേശനനടപടികള്‍ റദ്ദാക്കാന്‍ 19നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഈ കോളജുകളിലെ ബിരുദ സീറ്റുകളിലേക്കും അലോട്‌മെന്റ് നടത്തിയാണ് ഇന്നലെ പട്ടിക പ്രസിദ്ധീകരിച്ചത്. ഫീസ് അടയ്ക്കാത്ത ചില വിദ്യാര്‍ഥികള്‍ അലോട്‌മെന്റ് പട്ടികയില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയതോടെ പട്ടിക പിന്‍വലിക്കുകയായിരുന്നു. അലോട്‌മെന്റ് റദ്ദാക്കിയെന്ന അറിയിപ്പ് വെബ്‌സെറ്റിലിട്ടു.
തകരാറുകള്‍ പരിഹരിച്ച ശേഷം രണ്ടാം അലോട്‌മെന്റ് വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം. . പ്രവേശന നടപടികള്‍ ആരംഭിച്ചതിനു ശേഷം ഒരു കോളജിലേക്കുള്ള പ്രവേശനനടപടികള്‍ റദ്ദാക്കിയ തീരുമാനമാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്ന് ആക്ഷേപമുണ്ട്.

Post a Comment