ബംഗളൂരു: (www.thenorthviewnews.in) താനിപ്പോള്‍ ഈ സ്ഥാനത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെ കാരുണ്യം കൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി കുമാരസ്വാമി. കര്‍ണാടകയിലെ 6.5 കോടി വരുന്ന ജനങ്ങളോടല്ല കോണ്‍ഗ്രസിനോടാണ് കടപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന് തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ല. അതിനര്‍ത്ഥം തന്നേയും തന്റെ പാര്‍ട്ടിയേയും ജനങ്ങള്‍ നിരാകരിച്ചു എന്നാണ്. ജെ.ഡി.എസിനെ പിന്തുണച്ചെന്ന് പല കര്‍ഷക നേതാക്കളും പറഞ്ഞത് ഞാന്‍ കേട്ടതാണ്. ആറരക്കോടി വരുന്ന ജനങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തന്റെ തീരുമാനം നടപ്പാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുമാരസ്വാമി പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത് ജെ.ഡി.എസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന കാര്യമാണ്. അത് നടപ്പാക്കുമെന്നതില്‍ മാറ്റമില്ല. എന്നാല്‍ തനിക്ക് ഒരാഴ്ചത്തെ സമയം നല്‍കണം. സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്. മന്ത്രിസഭ രൂപീകരിച്ച ശേഷം മാത്രമെ ഇത്തരം നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഈ നിശ്ചിത സമയത്തിനുള്ളില്‍ കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. കാര്‍ഷിക കടങ്ങളുടെ പേരില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം കുമാരസ്വാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് കുമാരസ്വാമി ഡല്‍ഹിയില്‍ എത്തുന്നത്. വൈകുന്നേരം 5.30നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

Post a Comment