കൊച്ചി:(www.thenorthviewnews.in) ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി.
യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതില്‍ ഉയരാനിട വരും എന്ന് അഭിപ്രായമുണ്ട്. ഉയർന്ന നിരക്കുകൂടി ഇതില്‍ നിശ്ചയിച്ച് പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും.
ഹരിതകർമസേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് വകുപ്പ് നിരക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയത്. വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പ്രതിമാസം 100 രൂപയാണ്. 13-ന് ഇറങ്ങിയ പുതിയ മാർഗനിർദേശമനുസരിച്ച് വലിയ അളവില്‍ മാലന്യമുണ്ടാകുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി നല്‍കണം. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ച് നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.
അതേസമയം വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. അതേസമയം വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തില്‍ നിരക്ക് കണക്കാക്കാനാണ് നിർദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനത്തിന് ഉയർന്ന നിരക്ക് നിശ്ചയിക്കാം.
ഹരിതകർമസേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. പ്രതിമാസ യൂസർ ഫീസില്‍ കുടിശ്ശിക വരുത്തുന്നവരില്‍നിന്ന് വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിനു സമാനമായി ഈടാക്കാനാണ് നിർദേശം. ഈ നിർദേശപ്രകാരം പലിശകൂടി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയും.
إرسال تعليق