തിരുവനന്തപുരം:(www.thenorthviewnews.in)എഡിഎം നിരപരാധി, നവീന്‍ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പിൻ്റെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

പി പി ദിവ്യയുടെ വാദങ്ങള്‍ എല്ലാം പൊളിച്ചുകൊണ്ടാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ആയുധമാക്കാനായിരിക്കും നവീന്‍ ബാബുവിൻ്റെ കുടുംബം. റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്കും കുരുക്ക് മുറുകുന്നു. എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. നവീന്‍ ബാബുവിന് ക്ലീന്‍ ചീറ്റ് നല്‍കിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയില്‍ പറയുന്നത്.

ചോദ്യം ചോദിച്ച്‌ ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോൾപമ്പിന്  അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം. എന്നാല്‍ ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നവീന്‍ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.

യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ജോയിന്റ് കമ്മിഷണറോടു നിഷേധിച്ചിട്ടുണ്ട്. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ  ഉദ്ഘാടക ദിവ്യയും അധ്യക്ഷന്‍ കലക്ടറും ആയിരുന്നു. അവിടെവച്ച്‌ യാത്രയയപ്പു ചടങ്ങിൻ്റെ  സമയം ദിവ്യ ചോദിച്ചിരുന്നെന്നും നവീന്‍ ബാബുവിനെ വിടുതല്‍ ചെയ്യാന്‍ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണെന്നുമുള്ള വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തില്‍ ഉള്ളതായി അറിയുന്നത്.

പെട്രോൾപമ്പിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് വ്യക്തമായത്. മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Post a Comment

أحدث أقدم