കാസർകോട്:(www.thenorthviewnews.in)പി.വി അൻവർ  കാസർകോട് വന്ന് ജില്ലയിലെ ജനങ്ങളെ അപമാനിക്കുന്ന രീതിയിൽ ചില പരാമർശങ്ങൾ നടത്തുകയുണ്ടായി.  കഴിഞ്ഞ എട്ട് വർഷമായി ഭരണ കക്ഷിയുടെ എം.എൽ.എയാണ് അൻവർ.  കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എനിക്ക് പിതാവിനെ പോലെയാണെന്നാണ് രണ്ടാഴ്ച്ച മുമ്പ് വരെ അൻവർ പറഞ്ഞ് കൊണ്ടിരുന്നത് ഈ എട്ട് വർഷങ്ങൾക്കിടയിൽ കാസർകോട് പ്രമാധമായ പല സംഭവങ്ങളും നടന്നിറ്റുണ്ട്.  ചൂരി പഴയ ജുമാമസ്ജിദിലെ മുഅദ്ദിൻ റിയാസ് മൗലവിയെ സംഘ്പരിവാർ ക്രിമിനലുകൾ പള്ളിക്കകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയതും പ്രതികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട് പോയതും ഈ എട്ട് വർഷത്തിനിടയിലാണ്.പിണറായിയുടെ പോലീസിന്റെ ഒത്തുകളി ഇതിന് പിന്നിലുണ്ടെന്ന് അറിയാത്ത ആളൊന്നുമല്ലല്ലോ അൻവർ.മാരകമായ എൻഡോസൾഫാൻ മൂലം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളുമൊക്കെ ഉയർത്തിപ്പിടിച്ച് സമരങ്ങളും മറ്റും കാസർകോട് ഈ സമയത്ത് നടന്ന് കൊണ്ടിരുന്നതാണ്.

അൻവർ സർക്കാറിന്റെ ഭാഗമായി നിന്നിരുന്ന ഈ സമയത്ത് ഇതിലൊന്നും ഇടപെടാതെ പിണറായിയെ പിതാവിൻറെ സ്ഥാനത്ത് കണ്ട് മിണ്ടാതിരുന്നിട്ട് ഇപ്പോൾ കാസർകോട്നോട് ഒരു പ്രത്യേക സ്നേഹവുമായി വന്നിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇവിടത്തെ ജനങ്ങൾക്കുണ്ട്.

എൻഡോസൾഫാൻ വിഷയവും,മെഡിക്കൽ കോളേജ് വിഷയവും,റിയാസ് മൗലവി വധവുമെല്ലാം കേരള നിയമസഭയിൽ കാസർകോട് ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാർ ഉന്നയിച്ചപ്പോൾ ഇതിലൊന്നിലും അനുകൂലമായ നിലപാടെടുക്കാതെ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ താങ്ങിയും ഡസ്കിലടിച്ചും പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു അൻവറിന്റേത്.

നഗരത്തിലെ ഓട്ടോ ഡ്രൈവർ സത്താറിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ ഇടപെടലുകൾ കാസർകോട്,മഞ്ചേശ്വരം എം.എൽ.എമാരും,മുസ്‌ലിം ലീഗും,യൂത്ത് ലീഗുമൊക്കെ നടത്തിയതിൻറെ ഭാഗമായിട്ട് തന്നെയാണ് എസ്.ഐ അനൂപിനെ ആദ്യം സ്ഥലം മാറ്റിയതും പിന്നീട് സസ്പെന്റ് ചെയ്തതും.ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിന് നീതി കിട്ടുന്നത് വരെ ഞങ്ങൾ കൂടെ തന്നെ ഉണ്ടാകും.

അവസാന സമയത്തും സഖാക്കളെ ലാൽ സലാം എന്ന് ഈ ലോകത്തോട് വിളിച്ച് പറഞ്ഞ് മരണത്തിലേക്ക് പോയ സത്താറിന് വേണ്ടി പ്രതിഷേധിക്കാൻ പോയിട്ട് ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാത്തവരായി കാസർകോട്ടെ സി.പി.എമ്മും,ഡി വൈ എഫ് ഐയും,സി.ഐ.ടിയും മാറിയിരിക്കുകയാണ്.

അൻവറേ നിങ്ങളുടെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി കാസർകോട്ടെ മുഴുവൻ ജനങ്ങളെയും ആക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശനങ്ങളും പ്രസ്താവനകളുമായി ഇവിടെ വന്നാൽ പിണറായിയോടും ശശിയോടും കളിക്കുന്നത് പോലെ ആയിരിക്കില്ല ഇവിടത്തെ കാര്യങ്ങൾ.   അഷ്റഫ് എടനീർ....

Post a Comment

أحدث أقدم