ന്യൂയോര്‍ക്ക്:(www.thenorthviewnews.in) അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരന്മാര്‍ ചാവേര്‍ ആക്രമണം നടത്തിയത്.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിര്‍ജീനിയയില്‍ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരര്‍ ആക്രമണം നടത്തിയത്‌. അമേരിക്കന്‍ സമ്ബന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നിശ്ശേഷം തകര്‍ത്തു. യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തില്‍ സമാനതകളില്ല.

ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല്‌ അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക്‌ സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേസമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

മൂവായിരത്തോളം ആളുകളാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 2763 മരണം. പെന്‍റഗണില്‍ 189, പെന്‍സില്‍വാനിയയില്‍ 49 പേരും മരിച്ചു. മൂന്നിടത്തുമായി പരുക്കേറ്റവര്‍ ആയിരങ്ങളാണ്.

Post a Comment

Previous Post Next Post