തിരുവനന്തപുരം:(www.thenorthviewnews.in) കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഇതിനെ തുടർന്ന് കാസർഗോഡ് ജില്ലയിലെ പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുജനം അനുഭവിക്കുന്ന ദുരിതങ്ങൾ നിയമസഭയിൽ സബ്മിഷനിലൂടെ എണ്ണിപ്പറഞ്ഞ് എം അഷ്റഫ് എംഎൽഎ. പരീക്ഷ എഴുതാൻ പോലും അവർ പഠിച്ച കോളേജുകളിലേക്ക് എത്താൻ പറ്റാത്ത വിദ്യാർത്ഥികളും ചികിത്സയ്ക്കായി മംഗലാപുരത്ത് പോകുന്ന രോഗികളും മംഗലാപുരം എയർപോർട്ടിനെ ആശ്രയിക്കുന്ന യാത്രക്കാരും കർണാടകയിൽ കച്ചവടം നടത്തുന്ന വ്യാപാരികളും കർണാടക സർക്കാരിന്റെ ജനവിരുദ്ധ നടപടിയിൽ വലിയ ദുരിതത്തിലായിരിക്കുകയാണെന്ന് എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. വിദേശരാജ്യങ്ങളിലേക്ക് പോലും രണ്ടു ഡോസ് വാക്സിൻ എടുത്തവരെ കയറ്റി വിടുമ്പോൾ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായ കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ പോലും 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ ഇത്തരം നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ എടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്താൻ പാടുള്ളതല്ല എന്ന കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി സഭയിൽ എംഎൽഎയ്ക്ക് മറുപടിയായി പറഞ്ഞു.
കാസർഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാർക്ക് മുൻഗണന നൽകി ആർടിപിസിആർ ട്ടെസ്റ്റ് നടത്തുന്നതിന് അതിർത്തിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയ കാര്യവും കർണാടക സർക്കാറുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ നടത്തി വരികയാണെന്നും മുഖ്യമന്ത്രി എകെഎം അഷ്‌റഫ് എംഎൽഎയെ അറിയിച്ചു

Post a Comment