തളങ്കരയിൽ പൈതൃക ടൂറിസം പാർക്ക് ടൂറിസം സാധ്യതകൾ കണ്ടെത്തി തുറമുഖ വകുപ്പ് പൈതൃക പാർക്ക് ഒരുക്കുന്നു.
കാസർകോട് :(www.thenorthviewnews.in) കാസർകോട് ജില്ലയിൽ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം , തീരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിൻ്റെ ഫണ്ട് ഉയോഗിച്ച് നടപ്പിലാക്കും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ തുറമുഖം, പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് മുന്നിൽ ടൂറിസം പ്രൊജക്ട് അവതരിപ്പിച്ചു.
ഒരു കാലത്ത് കാസർകോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിൻ്റേയും പ്രവേശന കവാടത്തിൻ്റെയും മാതൃകയിലുള്ള മെമ്മോറിയൽ ഗാർഡനും പഴയ ഹാർബറിൻ്റെ ഭാഗമായിരുന്ന പാലത്തിൻ്റെയും കെട്ടിടത്തിൻ്റെയും നവീകരണവുമാണ് പ്രധാന ആകർഷണം.ഇതോടൊപ്പം ജല വിനോദങ്ങളായ ബോട്ടിങ്, കയാക്കിങ് സൗകര്യങ്ങൾ,കിയോസ്കുകൾ, പവലിയൻ, മൈതാനം, നടപ്പാത, പാർക്കിങ് ഏരിയ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചന്ദ്രഗിരി കോട്ടയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വർധനവ് പ്രതീക്ഷിക്കുന്നു. ജലപാതയിലൂടെ കാസർകോട് നഗരത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം കുറക്കാൻ സാധിക്കും.നിലവിലുള്ള ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് തീരദേശ, പൈതൃക, പരിസ്ഥിതി ടൂറിസം സാധ്യതയാണ് ഇവിടെ ഉയോഗിക്കുന്നത്.ബേക്കലിന് ശേഷം ജില്ലയിൽ നിർമ്മിച്ച ഏകദേശം 380 വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രഗിരി കോട്ട, കേരളത്തിലെ രണ്ടാമത്തെ മുസ്ലീം പള്ളിയായ മാലിക് ദീനാർ പള്ളി തുടങ്ങിയ ചന്ദ്രഗിരി പുഴയുടെ തീരത്തെ പൈതൃക കേന്ദ്രങ്ങളും തീരത്തിൻ്റെ സൗന്ദര്യവും കണ്ടൽക്കാടിൻ്റെ ഹരിതാഭയും സഞ്ചാരികളെ ആകർഷിക്കും.
ഇതോടൊപ്പം സമീപത്തെ റോഡിൻ്റെ വശങ്ങളിൽ പ്രാദേശിക രുചിഭേദങ്ങളുടെ വിപണത്തിനായി സ്റ്റാളുകൾ ഒരുക്കും. തളങ്കരയിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ഈ സ്റ്റാളുകൾ പ്രവർത്തിക്കുക. തളങ്കര തൊപ്പി, കാസർകോടൻ സാരി പോലുള്ള കാസർകോടിൻ്റെ തനിമയാർന്ന ഉത്പന്നങ്ങളുടെ വിപണന സാധ്യത കണക്കാക്കി പവലിയൻ ഒരുക്കും.
ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ, ഡപ്യൂട്ടി കളക്ടർ (എൽ .ആർ) കെ.രവികുമാർ , ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ, ബി.ആർ.ഡി.സി അസിസ്റ്റൻ്റ് മാനേജർ പി.സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആർക്കിടെക്ട് സി.വി നന്ദു പ്രൊജക്ട് അവതരിപ്പിച്ചു.

Post a Comment