കാസര്‍കോട്: (www.thenorthviewnews.in)  മഞ്ചേശ്വരത്ത് യു.ഡി.എഫിലെ എ.കെ.എം അഷ്റഫിനോട് തോറ്റെങ്കിലും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടാണ് നേടിയത്. അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ പെട്ടിയില്‍ വീഴേണ്ട വോട്ട് കുറഞ്ഞത് സംബന്ധിച്ച്‌ പാര്‍ട്ടി അന്വേഷണം നടത്തും. 2016ല്‍ നേടിയ വോട്ടില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ശ്രീകാന്ത് ജയിക്കുന്നത് തടയാനുള്ള ശ്രമം നടന്നോ എന്നും പരിശോധിച്ചേക്കും. 2016ല്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 56777 വോട്ട് ആയിരുന്നു. എന്നാല്‍ ഇത്തവണ 65013 വോട്ടുകളായി. 8236 വോട്ടിന്റെ വര്‍ദ്ധനവ്. 2019 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാര്‍ നേടിയത് 57,484 വോട്ടുകളാണ്. ആ തിരഞ്ഞെടുപ്പിനേക്കാളും 7529 വോട്ടുകള്‍ അധികം നേടിയിട്ടും നിര്‍ഭാഗ്യം സുരേന്ദ്രന്റെ വിജയത്തിന് തടസമായി.

2016ല്‍ സി.പി.എമ്മിലെ സി.എച്ച്‌. കുഞ്ഞമ്ബു നേടിയ 42565 ന് അടുത്ത് എത്തിയില്ലെങ്കിലും 2019ല്‍ എം. ശങ്കര്‍ റായിയും ലോക്‌സഭ സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രനും നേടിയ വോട്ടുകളേക്കാള്‍ മുന്നേറ്റം വി.വി. രമേശന് നേടാനായി. ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദ്ദീന്‍ നേടിയ 65,407 വോട്ടിന്റെ ഒപ്പമെത്താനേ വിജയിച്ച എ.കെ.എം. അഷ്റഫിന് കഴിഞ്ഞിട്ടുള്ളൂ. കാസര്‍കോട് മണ്ഡലത്തില്‍ 2016ല്‍ മത്സരിച്ച ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാര്‍ 56,120 വോട്ടുകള്‍ പിടിച്ചിരുന്നു. എന്നാല്‍ ഇക്കുറി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് തന്നെ മത്സര രംഗത്ത് ഉണ്ടായിട്ടും 50,395 വോട്ടുകള്‍ ആണ് പെട്ടിയില്‍ വീണത്. മണ്ഡലത്തില്‍ പ്രചരണ കൊടുങ്കാറ്റ് തന്നെ സൃഷ്‌ടിച്ച കെ. ശ്രീകാന്ത്, വോട്ടെടുപ്പിന്റെ അവസാന നാളുകളില്‍ ലീഗിലെ എന്‍.എ. നെല്ലിക്കുന്നിനെ അട്ടിമറിച്ചു വിജയിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ സഹായവും തങ്ങളെ തുണയ്ക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടി. 1500 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിന് ഉണ്ടായിരുന്നു. പക്ഷെ വോട്ടുകളില്‍ സംഭവിച്ച വന്‍ ഇടിവ് പ്രതീക്ഷകളെ തകിടം മറിച്ചു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞപ്പോള്‍ അത്രയും വോട്ടുകള്‍ എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി എം.എ. ലത്തീഫിന്റെ ഫുട്‌ബോള്‍ ചിഹ്നത്തില്‍ ലഭിച്ചതായും കാണുന്നുണ്ട്. 2016ല്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ.എ. അമീന് ലഭിച്ചത് 21,615 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി എം.എ. ലത്തീഫിന് 6708 വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 28323 വോട്ടുകളാണ് കാസര്‍കോട് എല്‍.ഡി.എഫിന് കിട്ടിയത്. അതേ സമയം മണ്ഡലത്തില്‍ വിജയിച്ച എന്‍.എ. നെല്ലിക്കുന്നിന് 2016 നെ അപേക്ഷിച്ച്‌ വോട്ട് കുറയുകയാണ് ചെയ്തത്. 2016 ല്‍ യു.ഡി.എഫിന് ലഭിച്ചത് 64,727 വോട്ടുകള്‍ ആണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അത് 63,296 ആണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ വോട്ടുകള്‍ കുറഞ്ഞത് കാരണം എന്‍.എ. നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 12,901 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ എന്‍.എയുടെ ഭൂരിപക്ഷം 8607 ആയിരുന്നു. എന്തായാലും മണ്ഡലത്തിലെ വോട്ട് കുറവ് കണ്ടെത്താന്‍ ബൂത്ത് തലങ്ങളിലുള്ള കണക്കുകള്‍ പരിശോധിക്കുകയാണ് പാര്‍ട്ടി.




കടപ്പാട്: കൗമുദി

Post a Comment

Previous Post Next Post