കാസര്‍കോട്:(www.thenorthviewnews.in) സര്ക്കാര് പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാര്ഗ്ഗ നിര്ദ്ദേശങ്ങള് കര്ശനമായി ജില്ലയില് നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോര് കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടര് ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ഓണ്ലൈന് യോഗത്തില് ജില്ലയിലെ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ സി.എഫ്.എല്.ടി.സികള് ആരംഭിക്കാന് തീരുമാനമായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിക്കും
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില് ഡൊമിസിലറി കെയര് സെന്ററുകള് ആരംഭിക്കും |. ഇവിടെ 25 ബെഡുകള് വരെ ക്രമീകരിക്കും. ഇവിടെ ചികിത്സാ സംവിധാനങ്ങള് ഒരുക്കും.കോവിഡ് ബാധിതരായ വീടുകളില് സൗകര്യമില്ലാത്തവര്ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങള് മേല്നോട്ടം വഹിക്കും. ബ്ലോക്ക് തലത്തില് കണ്ട്രോള് സെല്ലുകള് പ്രവര്ത്തനം തുടങ്ങിയതായി ഡി.എം.ഒ ആരോഗ്യം അറിയിച്ചു. മെഡിക്കല് ഓഫീസര്, ഹെല്ത്ത് ഇന്സ്‌പെക്ടര്, അസിസ്റ്റന്റ് സര്ജന് എന്നിവരുടെ മേല്നോട്ടത്തിലാണ് ബ്ലോക്ക് തലത്തില് കണ്ട്രോള് സെല്ലുകള് പ്രവര്ത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണില് ബന്ധപ്പെടാന് ഡാറ്റ എന്ട്രി ഓപ്പറേറ്റര്, സര്ക്കാര് ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.
പള്ളിക്കര ബീച്ച് അടക്കും
കാസര്കോട് ജില്ലയില് കോവിഡ് ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തില് പള്ളിക്കര ബീച്ചില് 14 ദിവസത്തേക്ക് സന്ദര്ശനം നിര്ത്തിവെക്കാന് ജില്ലാതല കൊറോണ കോര് കമ്മറ്റി തീരുമാനിച്ചു. സന്ദര്ശകര് വര്ധിക്കുന്ന സാഹചര്യത്തില് ഉടന് പള്ളിക്കര ബീച്ച്
അടക്കേണ്ടതാണെന്ന് യോഗത്തില് ജില്ലാ കളക്ടര് ഡോ.ഡി സജിത് ബാബു പറഞ്ഞു.
കോവിഡ് പരിശോധന കൂട്ടണമെന്ന് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് 45 വയസ്സില് കൂടുതല് പ്രായമുള്ളവര്ക്കിടയില് വാക്‌സിനേഷന് ഊര്ജ്ജിതമാക്കാനും സെക്ടറല് മജിസ്‌ട്രേറ്റ്മാരുടെ പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കാനും ജില്ലാ കളക്ടർ നിര്ദ്ദേശം നല്കി. മൊബൈല് പരിശോധന യൂണിറ്റിന്റെ പ്രവര്ത്തനം ശക്തമാക്കാനും തീരുമാനിച്ചു.
ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിര്ത്തി വെക്കും
ജില്ലയിലെ കോവിഡ് സാഹചര്യത്തില് ഡ്രൈവിങ് ടെസ്റ്റ് താല്ക്കാലികമായി 14 ദിവസത്തേക്ക് മോട്ടോര് വാഹന വകുപ്പ് നിര്ത്തി വെക്കും. ജില്ലാ തല കൊറോണ കോര് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഒരോ ആഴ്ചയിലും വീട്ടിലിരുന്ന് പ്രവര്ത്തിക്കേണ്ട ജീവനക്കാരുടേ വിവരങ്ങള് എ.ഡി.എം ന് കൈമാറേണ്ട താണെന്നും യോഗം അറിയിച്ചു.
വാര്ഡ് തല ജാഗ്രതാ സമിതി പ്രവര്ത്തനം ഈര്ജ്ജിതമാക്കും
ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് വാര്ഡ് തല ജാഗ്രതാ സമിതി പ്രവര്ത്തനം ഈര്ജ്ജിതമാക്കാനും മാഷ് പദ്ധതിയിലെ അധ്യാപകരുടെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യ ക്ഷമമാക്കാനും നിര്ദ്ദേശിച്ചു. 45ല് കൂടുതല് പ്രായമുള്ളവരില് വാക്‌സിനേഷന് സ്വീകരിക്കാത്തവരെ കണ്ടത്താന് മാഷ് പദ്ധതി അധ്യാപകര് പ്രവര്ത്തിക്കും.
അതിഥി തൊഴിലാളികള്ക്ക് ജില്ലയില് തൊഴിലെടുക്കാന് സൗകര്യം ഒരുക്കും
അതിഥി തൊഴിലാളികള്ക്ക് ജില്ലയില് തൊഴിലെടുക്കാന് സൗകര്യം ഒരുക്കും.
ലേബര് ക്യാമ്പുകള് സന്ദര്ശിച്ച് സര്ക്കാര് നിര്ദ്ദേശങ്ങള് സംബന്ധിച്ച് വിവരങ്ങള് അറിയിക്കാന് ജില്ലാ ലേബര് ഓഫീസര്ക്ക് കൊറോണ കോര് കമ്മറ്റി നിര്ദ്ദേശം നല്കി.
കോവിഡ് സാഹചര്യം മുന്നില് കണ്ട് കൂടുതല് ഭക്ഷ്യ കിറ്റുകള് ഒരുക്കാന് ജില്ലാ സപ്ലൈ ഓഫീസര്ക്ക് കൊറോണ കോര് കമ്മറ്റി നിര്ദ്ദേശം നല്കി.
കണ്ട്രോള് റൂം പ്രവര്ത്തനം
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്ക്കാര് ഉത്തരവുകളുടേയും നിര്ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില് ജില്ലയില് നടത്തി വരുന്ന പ്രതിരോധ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള്റൂം ആരംഭിച്ചു. കണ്ട്രോള് റൂം നമ്പറുകള്: 9496853441, 04994 -257700, 04944 -255280, 04994 -255001, 04994 -255002, 04994 -255003, 04994 -255004.
യോഗത്തില് കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറെ സഹായിക്കാൻ സർക്കാർ നിയോഗിച്ച ഓഫീസർ ജാഫർ മാലിക്, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, എ.ഡി.എം അതുല്.എസ്.നാഥ്, കൊറോണ കോര് കമ്മറ്റി അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
KEYWORD
DISTRICT COLLECTOR KASARAGOD
DISTRICT INFORMATION OFFICE KASARAGOD
DMO KASARAGOD

Post a Comment