കാസര്‍കോട്:(www.thenorthviewnews.in) ജില്ലയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു. നിലവിൽ 200 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു. ഇതിൽ 1100 പേരുടെയും രോഗം ഭേദമായി. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളായാണ് പ്രധാനമായും ഇവിടെ ചികിൽസിക്കുന്നത്. 12 ഓളം ഐസിയു ബെഡുകളും 70 ഓളം സെൻട്രലൈസ്ഡ് പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 70 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്.
ഒരു കണ്ടെയ്‌നറിൽ 4 ബെഡ് എന്ന കണക്കിലാണ് 540 പേർക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാൽ ഓഫീസ് സംവിധാനം, ലബോറട്ടറി, ഫാർമസി, ഫാർമസി സ്റ്റോർ, ജീവനക്കാരുടെ താമസം എന്നിവക്ക് വേണ്ടി കണ്ടെയ്‌നറുകൾ നീക്കി വെക്കേണ്ടതുണ്ട്. ഐസിയു വാർഡുകൾ സജ്ജീകരിക്കുമ്പോൾ ഒരു കണ്ടെയ്‌നറിൽ 3 ബെഡുകൾ മാത്രമേ ഒരുക്കാൻ സാധിക്കൂ. ബെഡുകളുടെ അകലം ഇൻഫെക്ഷൻ കൺട്രോളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് 150 ബെഡുകൾ കൂടി ഒരുക്കാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിലെ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയിൽ തടസ്സമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ജില്ലയിൽ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് 885 ജീവനക്കാർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ റാൻഡമൈസേഷനിലൂടെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
ഇവർക്ക് ഏപ്രിൽ 23, 24 തീയ്യതികളിൽ കാസർകോട് ഗവ. കോളേജിൽ ക്ലാസ് നൽകും. 23ന് രാവിലെ 10ന് കൗണ്ടിങ് സൂപ്പർവൈസർമാർക്കും ഉച്ചയ്ക്ക് രണ്ടിന് കൗണ്ടിങ് അസിസ്റ്റന്റുമാർക്കും 24ന് രാവിലെ 10ന് മൈക്രോ ഒബ്സർവർമാർക്ക് ക്ലാസ് നൽകും.
മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും കാസർകോട് മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കാസർകോട് ഗവ. കോളേജിലും ഉദുമ മണ്ഡലത്തിൽ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ ഗവ.പോളി ടെക്നിക് കോളേജിലും സന്ദർശനം നടത്തി. പോസ്റ്റൽ ബാലറ്റ്, സർവ്വീസ് വോട്ടുകൾ ഉൾപ്പടെയുള്ളവക്ക് ഒരുക്കിയ ക്രമീകരണങ്ങൾ പരിശോധിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സൈമൺ ഫെർണാണ്ടസ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ രാജൻ എന്നിവർ കളക്ടറെ അനുഗമിച്ചു.
കുമ്പള ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ മഞ്ചേശ്വരം വരണാധികാരി എം കെ ഷാജി, ഉപവരണാധികാരി എസ് അനുപം, തഹസിൽദാർ എം ജെ ഷാജുമോൻ എന്നിവർ പങ്കെടുത്തു.
കാസർകോട് ഗവ.കോളേജിലെ സന്ദർശനത്തിൽ കാസർകോട് വരണാധികാരി പി ഷാജു, ഉപവരണാധികാരി ജി രാജേഷ്‌കുമാർ, തഹസിൽദാർ ടി വിജയൻ തുടങ്ങിവർ പങ്കാളികളായി. പെരിയ ഗവ.പോളി ടെക്നിക് കോളേജിൽ ഉദുമ വരണാധികാരി സി എൽ ജയ ജോസ് രാജ്, ഉപവരണാധികാരി ആർ കെ സുനിൽ, തഹസിൽദാർ പി പ്രേംരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
21ന് ഉച്ച മൂന്ന് മണിക്ക് തൃക്കരിപ്പൂർ മണ്ഡലത്തിൽ തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളേജും നാല് മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിൽ പടന്നക്കാട് നെഹ്റു കോളേജും സന്ദർശിക്കും.

Post a Comment