മലപ്പുറം: (www.thenorthviewnews.in) മലപ്പുറം തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്നു. നാളെ വൈകിട്ട് പൊന്നാനിയില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് തവനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ഥിക്കുക. രാഹുല്‍ ഗാന്ധി വരുന്നതിന്‍റെ വിവരങ്ങള്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിന് എത്തുന്നത്. പട്ടാമ്പിയില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി പൊന്നാനിയിലെത്തുന്ന രാഹുല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.എം രോഹിത്തിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും. ശേഷം ഹെലികോപ്റ്റര്‍ വഴി പെരിന്തല്‍മണ്ണ മണ്ഡലത്തിലെത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ പ്രചാരണത്തിലും ഭാഗമാകും.

അതെ സമയം കൈപത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിന് അപരന്മാരുടെ ഭീഷണി കൂടുതലാണ്. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്പിലിന് എതിരെ മത്സരരംഗത്തുള്ളത്.


Post a Comment

Previous Post Next Post