ഉദുമ: (www.thenorthviewnews.in) നീലേശ്വരം മടക്കര തുറമുഖത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയ തിരുവനന്തപുരത്തെ മറിയം എന്ന തോണി അപകടത്തില്‍ പെട്ട് രണ്ടായി മുറിഞ്ഞു. ബേക്കല്‍ കിഴൂരില്‍ നിന്ന് എട്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട തോണി കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് കിട്ടിയത്. രണ്ടായി മുറിഞ്ഞ തോണിയുടെ മുറിഞ്ഞ ഭാഗം വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായി സന്ദേശം ലഭിതിന്റെ അടിസ്ഥാനത്തിൽ രാത്രി 9 മണിയോടെ തീരദേശ പോലീസ് രക്ഷപെടയ്ത്തുകയായിരുന്നു.
തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ തിരുവനന്തപുരം പുതിയ തുറയിലെ ദായി റിയാസ് (37), ശ്യാം സേവ്യർ (18), ജോമി റെജിൻ (21), പൊഴിയൂരിലെ കുമാർ (43), അപ്പുക്കുട്ടൻ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആർക്കും കാര്യമായി ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരെ അർധ രാത്രിയോടെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ കാസർകോട് തീരത്ത് എത്തിച്ചു. നീലേശ്വരം തീരദേശ പോലീസിലെ എ.എസ്.ഐ. സൈഫുദ്ധീൻ, വാർഡൻമാരായ ദിവേഷ് , കെ.അനു, സ്രാങ്ക് നാരായണൻ, മനു അഴിത്തല, ഒ.ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്. സമയോചിതമായി ഇടപെട്ട് തങ്ങളുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകർക്ക് മത്സ്യത്തൊഴിലാളികൾ നന്ദി അറിയിച്ചു.

Post a Comment