സ്വാതന്ത്ര്യ ലബ്‌ധി സാമൂഹ്യ വിപ്ലവത്തിന് അരങ്ങൊരുക്കിയപ്പോൾ - മുളിയാറിന്റെ നേർസാക്ഷി നാരായണി അമ്മ 


മുളിയാർ:(www.thenorthviewnews.in) ഇന്ത്യ സ്വതന്ത്രയായപ്പോൾ മുതൽ സാമൂഹ്യ വിപ്ലവത്തിന് അരങ്ങൊരുക്കിയ ഒരു വീടുണ്ട് , മുളിയാറിൽ . സ്വാതന്ത്ര്യ സമരസേനാനി പരേതനായ ഗാന്ധി രാമൻ നായരുടെ ആ ' പുതിയ വീടിനു ' പക്ഷേ എന്തുകൊണ്ടോ  ചരിത്രത്തിൽ ഇടം പിടിക്കാനായില്ല. 

1947 ആഗസ്ത് 15ന് നാടിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാൻ രാമൻ നായർ തിരഞ്ഞെടുത്ത വഴി അന്നത്തെ കാലത്തു അചിന്തനീയമായിരുന്നു . അയിത്തം എന്ന തൊട്ടുകൂടായ്മ സാമൂഹ്യാചാരമായി നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വസമുദായത്തിന്റെ എതിർപ്പുകളെ വകവെക്കാതെ ' പുതിയ വീട്ടിലേക്കു' നൂറിലധികം വരുന്ന ഹരിജനങ്ങളുടെ ഒരു ഘോഷ യാത്ര സംഘടിപ്പിക്കുകയും , അവരെ സ്വന്തം വീട്ടിനകത്തു കയറ്റിയിരുത്തി ആഘോഷങ്ങൾക്ക് തയ്യാറാക്കിയ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു . അന്ന് ഇക്കാരണത്താൽ തന്നെ സ്വസമുദായക്കാർ സദ്യ ബഹിഷ്കരിക്കുകയായിരുന്നു . ഗാന്ധി രാമൻ നായരുടെ ഭാര്യ പരേതയായ കരിച്ചേരി ഉച്ചിര അമ്മയും , മകൾ നാരായണിയും ചേർന്നായിരുന്നു അന്ന് വീട്ടിനകത്തു വിളിച്ചിരുത്തിയ മുഴുവൻ ഹരിജനങ്ങൾക്കും സദ്യ വിളമ്പിക്കൊടുത്തത് . ആ ചരിത്രസംഭവത്തിനു സാക്ഷിയായവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഗാന്ധി രാമൻ നായരുടെ മകൾ 95  കഴിഞ്ഞ നാരായണി അമ്മ മാത്രമാണ് . സ്വാതന്ത്ര്യ ലബ്ധിയയുടെ സുദിനത്തിൽ സ്വന്തം വീട്ടിൽ ഹരിജനങ്ങളെ പ്രവേശിപ്പിച്ചു സദ്യ നൽകിയതിൽ പ്രതിഷേധിച്ചു 13 വർഷത്തോളം സ്വസമുദായക്കാർ ഈ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബത്തെ സാമൂഹ്യബഹിഷ്കരണം നടത്തിയെങ്കിലും അദ്ദേഹം അയിത്തോച്ചാടനം , മദ്യവർജനം തുടങ്ങിയ ഗാന്ധിയൻ തത്വങ്ങളിൽ അടിയുറച്ചു തന്നെ നിന്നു . 


തലശ്ശേരി മിഷൻ സ്കൂളിലെ മട്രിക്കുലേഷൻ വിദ്യാഭ്യാസത്തിനു ശേഷം രാമൻ നായർ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചു സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു . കറാച്ചി കോൺഗ്രസ് സമ്മേളനത്തിന് മുളിയാറിൽ നിന്നും കാൽനടയായി യാത്ര ചെയ്യുകയും , സമ്മേളനത്തിന് ശേഷം അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർഖാന്റെ സഹചാരിയായി അഫ്ഘാനിസ്ഥാനിലും , വടക്കേ ഇന്ത്യയിലും മറ്റും പ്രവർത്തികയും ചെയ്ത ശേഷം 12 വർഷം കഴിഞ്ഞാണ് അദ്ദേഹം സ്വദേശത്തേക്കു തിരിച്ചെത്തിയത്  . അപ്പോഴേക്കും വേഷത്തിലും , സ്വഭാവത്തിലും തനി ഗാന്ധിയൻ ആയി മാറിയകാരണമായിരുന്നു അദ്ദേഹം ഗാന്ധി രാമൻ നായർ എന്ന പേരിൽ പ്രശസ്തനായത് . ഗാന്ധിജിയുടെ അയിത്തോച്ചാടന പ്രസ്‌ഥാനത്തിൽ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നു . പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ. കേളപ്പന്റെ വലം കയ്യായി ഗാന്ധി രാമൻ നായരുണ്ടായിരുന്നു . അക്കാരണം കൊണ്ട് തന്നെയാവണം 1968 ഏപ്രിൽ 30ന്  രാമൻ നായരുടെ മരണവാർത്ത അറിഞ്ഞ ഉടൻ കേളപ്പജി മുളിയാർ ' പുതിയ വീട്ടിലേക്കു' ഓടിയെത്തിയതും . അന്ന് രാമൻ നായരുടെ പൗത്രനും കോളേജ് വിദ്യാർഥിയുമായിരുന്ന മോഹൻ കുമാർ നാരന്തട്ട കേളപ്പജിയുടെ സന്ദര്ശനത്തെക്കുറിച്ചു സ്മരിക്കുന്നു . അന്ന് കേളപ്പജി ഹരിജനോദ്ധാരണ പ്രസ്‌ഥാനത്തിന്റെ കേരളത്തിലെ നേതാവായിരുന്നു . കാടകം വനസത്യാഗ്രഹത്തിനു നേതൃത്വം നൽകിയ ഗാന്ധി രാമൻ നായർ ഒരു വർഷത്തോളം ജയിലിലായിരുന്നു . 


നാരമ്പാടി എന്ന സ്‌ഥലത്തു നിന്നും നാല് ഹരിജൻ കുടുംബങ്ങളെ രാമൻ നായർ കൊണ്ടുവന്നു സ്വന്തം കുടുംബ വക ഭൂമിയിൽ കുടിയിരുത്തി സംരക്ഷിച്ചിരുന്നു  . ഇന്ന് മുളിയാറിലെ ആ ഹരിജൻ കോളനിയിൽ ഇരുപതിലധികം  കുടുംബങ്ങൾ ആയിക്കഴിഞ്ഞു . മുളിയാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവദിവസങ്ങളിൽ ഹരിജനങ്ങൾക്കു പുറത്തു വയലിലിരുത്തി സദ്യ നൽകുന്ന സമ്പ്രദായത്തിന്നെതിരെ പ്രതിഷേധിച്ചു ക്ഷേത്രദര്ശനം ബഹിഷ്കരിക്കാനും അദ്ദേഹം ആ കാലത്തു ധൈര്യപ്പെട്ടു . 


മുളിയാർ ഗ്രാമത്തിൽ ഗാന്ധി രാമൻ നായർ അടക്കം അഞ്ചു സ്വാതന്ത്ര്യ സമരസേനാനികളുണ്ടായിരുന്നു . പരേതരായ മേലത്തു നാരായണൻ നമ്പ്യാർ , എ . കെ. കൃഷ്ണൻ നായർ , കെ . പി . മാധവൻ നായർ , നിട്ടൂർ കോരൻ നായർ എന്നിവരാണ് മറ്റു നാല് പേർ . 


സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ

മുളിയാറിൽ സംഭവിച്ച ഇത്തരം സാഹസികമായ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞ നാരായണി അമ്മ രാമൻ നായരുടെ ഏഴു മക്കളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള രണ്ടു പേരിൽ ഒരാളാണ് . സഹോദരൻ കെ. മാധവൻ ഉദയഗിരിയിൽ താമസിക്കുന്നു .

ഗാന്ധി രാമൻ നായരുടെ സാമൂഹ്യപ്രവർത്തനങ്ങൾ തുടർന്ന് നടത്തിക്കൊണ്ടു പോകാനായി ഗാന്ധി രാമൻ നായർ ട്രസ്റ്റ് എന്നപേരിൽ മുളിയാറിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ പൗത്രൻ മോഹൻ കുമാർ നാരന്തട്ട അറിയിച്ചു

Post a Comment

Previous Post Next Post