ധോണിക്ക് പിന്നാലെ സുരേഷ് റൈനയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ന്യൂ ഡൽഹി :(www.thenorthviewnews.in) ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപനം നടത്തി ക്രിക്കറ്റ് താരം സുരേഷ് റെയ്നയും. തന്റെ ക്യാപ്റ്റനെ പോലെ താനും വിരമിക്കുന്നതായി റെയ്ന ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയായിരുന്നു. എന്നാൽ ഇരുവരും ചെന്നൈക്ക് വേണ്ടി ഐപിഎൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരാധകർക്ക് ഏറെ നിരാശ നൽകുന്നതാണ് ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം
ധോണിക്കും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സഹതാരങ്ങള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് റെയ്‌ന, ധോണിയുടെ വഴി തുടരുകയാണെന്ന് അറിയിച്ചത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ഇന്ത്യക്കായി ബാറ്റേന്തിയത്. അതിന് ശേഷം റെയ്‌ന ടീമിന് പുറത്തായിരുന്നു.
ബാറ്റിങ്ങില്‍ ഫോം നിലനിര്‍ത്താന്‍ റെയ്‌നക്കാവാതിരുന്നതാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. ഐപിഎല്ലിലായിരുന്നു റെയ്‌നയെ പിന്നീട് കണ്ടത്. ധോണിക്കൊപ്പം ചൈന്നൈ സൂപ്പര്‍കിങ്‌സില്‍ തുടര്‍ന്ന റെയ്ന തന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ നിരവധി തവണ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ റെയ്‌ന കളിച്ചിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും 36 അര്‍ദ്ധ സെഞ്ച്വറികളം റെയ്‌നയുടെ പേരിലുണ്ട്. പതിനെട്ട് ടെസ്റ്റ് മത്സരങ്ങള്‍, 78 ടി20കള്‍ എന്നിങ്ങനെയാണ് ഇന്ത്യക്ക് വേണ്ടിയുള്ള റെയ്‌നയുടെ പ്രകടനങ്ങള്‍.
ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. റെയ്നയും ക്യാമ്പിലുണ്ട്. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Post a Comment