കോവിഡ്-19: ആയിരങ്ങൾ പട്ടിണിയിൽ, ഇനിയും പിടിച്ച് നിൽക്കാനാവില്ല - പാചകത്തൊഴിലാളികൾ






കാസര്‍കോട്: (www.thenothviewnews.in) കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാചകത്തൊഴിലാളികൾ പട്ടിണിയിലാണെന്നും ഇനിയും പിടിച്ച്  നിൽക്കാനാവില്ലെന്നും കേരള കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ പടന്നക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്നതുമുതല്‍ 100 ശതമാനം തൊഴിലാളികളും തൊഴില്‍രഹിതരായിരിക്കുകയാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാചകതൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുന്നു. ഭൂരിഭാഗവും വാടകയ്ക്ക് താമസിക്കുന്നവരാണ്. വാടക പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

വിവാഹ സത്കാരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. പാചക തൊഴിലാളികളടക്കം വിളമ്പുകാരും ദുരിതത്തില്‍ കഴിയുകയാണ്. ക്ഷേമനിധിയില്ലാത്ത തൊഴിലാളികള്‍ക്ക് ഏപ്രില്‍ ഒമ്പതിന് പ്രഖ്യാപിച്ച 1000 രൂപ പോലും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സാമ്പത്തിക പാക്കേജുകളോ പലിശ രഹിത വായ്പകളോ നല്‍കാന്‍ തയ്യാറാവണം. ഇതിനെതിരെ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നടപടിയില്ലെങ്കില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ ്‌റിയിച്ചു.

ജില്ലാ പ്രസിഡണ്ട് എന്‍ ബാവിത തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന് സംബന്ധിച്ചു.

Post a Comment

أحدث أقدم