തോൽക്കുന്നവരുടെയും പാവങ്ങളുടെയും കൂടിയാണ് ലോകമെന്ന് മക്കളെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
(മലപ്പുറത്തെ ദേവികയുടെ മരണ പശ്ചാത്തലത്തിൽ കെപിഎസ് വിദ്യാനഗർ എഴുതുന്നു)
മലപ്പുറത്തെ ദേവിക എന്ന കുഞ്ഞുമോളുടെ മരണം ഞെട്ടിപ്പിക്കുന്നതാണ്. എന്ത് കാരണം ആയാലും (www.thenorthviewnews.in) ഈ പ്രായത്തിലൊക്കെ ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് കുട്ടികൾ എത്തുന്നുവെങ്കിൽ ആ പ്രേരണ കുറ്റം സമൂഹത്തിൽ കൂടി ചുമത്തണം. പ്രശ്നങ്ങളെ നേരിടാനുള്ള മനക്കരുത്ത് എല്ലാവർക്കും ഒരേപോലെ ഉണ്ടാവണം എന്നില്ല, എങ്കിലും ഈ പ്രശ്നങ്ങളൊന്നുമല്ലന്ന പാഠം, ഇത് ജീവൻ അവസാനിപ്പിക്കാൻ മാത്രമുള്ള പ്രശ്നമേയല്ലന്നു പഠിപ്പിക്കാൻ നമുക്കായില്ല. ആത്മഹത്യ കാരണമായി പറഞ്ഞു കേൾക്കുന്നത് വിശ്വസിക്കാനേ ആവുന്നില്ല. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടിയുടെ ചിന്താശേഷി ഉയർന്നതായിരിക്കും. അങ്ങനെയുള്ള ഒരാൾക്ക് നിസ്സാര കാര്യങ്ങൾക്ക് ഇങ്ങനെയൊക്കെ തോന്നുമോ. അറിയില്ല, മനഃശാസ്ത്ര വിദഗ്ദ്ധർ പറയട്ടെ. ഓൺലൈനായി ക്ലാസ് കേൾക്കാൻ സാധിക്കാത്തവർക്ക് ബദൽ സംവിധാനങ്ങളുണ്ട്. ആദ്യ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ആണ് ക്ലാസ് എന്നും രണ്ടാമത്തെ ആഴ്ച്ച ഇതേ ക്ലാസുകൾ ആയിരിക്കുമെന്നും ആദ്യ അറിയിപ്പിൽ തന്നെ ഉണ്ടായിരുന്നു. തുടക്കം ആയത് കൊണ്ടും നല്ലൊരു ശതമാനം വീടുകളിൽ ടിവി സ്മാർട്ട് ഫോൺ സൗകര്യങ്ങൾ ലഭ്യമല്ല എന്നതിനാലും ആദ്യ ആഴ്ച്ച കാണുന്ന കുട്ടികളുടെ കണക്കെടുപ്പ് ആണ് ഉദ്ദേശം. ഓൺലൈനായി പാഠങ്ങൾ തുടങ്ങാനുള്ള സാഹചര്യം വിലയിരുത്താൻ വേണ്ടി ഒരു മാസം മുൻപ് തന്നെ ഓരോ സ്‌കൂളും എത്ര കുട്ടികൾക്ക് കാണാനുള്ള സൗകര്യം ഇല്ല എന്ന കണക്ക് നൽകിയിരുന്നു. അതു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഓരോ വാർഡിലും സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടിവിയുള്ള ഒരു വീടോ ക്ലബ്ബോ ഒരുക്കി നൽകാനും നിർദേശം നൽകിയിരുന്നു. ചിലയിടങ്ങളിൽ അത് പ്രായോഗികമായി നടന്നില്ല. ചില ജനപ്രതിനിധികൾ സ്വന്തം ഫണ്ടിൽ നിന്ന് മൊബൈലോ ടാബോ നൽകുകയും ചെയ്തു. ടിവിയോ മൊബൈലോ ഇല്ലാത്തവർക്ക് 75% സബ്‌സിഡി നിരക്കിൽ നൽകാനും തീരുമാനം ആയിരുന്നു. ഇതൊക്കെ ആണെങ്കിലും വളരെ പിന്നോക്കം നിൽക്കുന്ന നല്ലൊരു വിഭാഗത്തിന് പ്രയാസം തന്നെ ആയിരിക്കും. ഭൂരിപക്ഷ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ലഭ്യമായിരിക്കെ, സ്‌കൂൾ തുറക്കുന്ന സമയത്ത് തന്നെ ഓൺലൈനായി സേവനം നൽകാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അവയിൽ പങ്കടുക്കാനുള്ള അവസരം ലഭിച്ചില്ല എന്നത് ഖേദകരം തന്നെ. ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാവുന്ന പരിഹാരം അല്ല എന്നതിനാലും ആദ്യ ആഴ്ച്ചയിലെ പരീക്ഷണത്തിന് ശേഷം നടക്കുന്ന വിലയിരുത്തലുകൾക്ക് ശേഷം തുടർ തീരുമാനം ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. അതിനിടയിൽ ആണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. ആദ്യ ദിവസത്തെ ക്ലാസ് നഷ്ടമായപ്പോൾ തന്നെ ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കാൻ ആ കൊച്ചിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും. ബദൽ സംവിധാനം ഉണ്ടാവാനുള്ള സാഹചര്യം നിലനിൽക്കേ കാത്തിരിപ്പിനുള്ള ക്ഷമ ഇല്ലാതെ പോയതും വിഷമകരം തന്നെ. അത് കൊണ്ട് തന്നെ ഇതൊക്കെയാണ് മരണ കാരണം എന്ന് വിശ്വസിക്കാനും പ്രയാസമുണ്ട്. ഒരു വർഷം പഠിക്കാതിരുന്നൽ പോലും ഒന്നും സംഭവിക്കുന്നില്ല എന്നും പരീക്ഷ അല്ല ജീവിത ലക്ഷ്യമെന്നും എത്ര തോറ്റാലും ജീവിതത്തിൽ വിജയിക്കാനുള്ള അവസരങ്ങൾ ധാരാളമുണ്ടന്നും നമ്മൾ മക്കളെ പഠിപ്പിക്കണം. സർക്കാർ സംവിധാനങ്ങളെ വിമർഷിക്കാനുള്ള ഒരു രക്തസാക്ഷിയായി അല്ല നമ്മൾ ഈ ദാരുണ സംഭവത്തെ കാണേണ്ടത്. നമ്മുടെ പിഞ്ചു മക്കളുടെ മനസ്സിൽ വരെ ഇത്തരം പ്രവണതകൾ ഉണ്ട് എന്ന അപകടകരമായ അവസ്‌ഥ തിരിച്ചറിഞ്ഞു എന്ത് പരിഹാരം നൽകാൻ നമുക്കാവും എന്ന ചിന്തകളാണ് ഉണ്ടാവേണ്ടത്. നാളെ നമ്മുടെ മക്കൾക്ക് ഏത് കാര്യത്തിന് ആയാൽ പോലും ഇങ്ങനെയൊരു ചിന്ത ഉള്ളിൽ ഉണ്ടാവാൻ പാടില്ല. പാവങ്ങൾക്കും തോൽക്കുന്നവർക്കും കൂടിയുള്ളതാണ് ഈ ലോകമെന്ന് നമ്മളവരെ പഠിപ്പിക്കണം.

إرسال تعليق