എങ്ങനെ ഫേസ്‌ബുക്കിൽ കൂടുതൽ പേർ വായിക്കപ്പെടുന്ന എഴുത്തുകാരനാവാം?



നജീബ്‌ മൂടാടി





ഇതുവായിച്ചപ്പോൾ അറിയാതെ നിങ്ങൾ താഴോട്ട് വായിച്ചു തുടങ്ങിയില്ലേ. അതേ ഇതും ഒരു പ്രധാന ഘടകമാണ്. എഴുതുന്ന വിഷയത്തെ കുറിച്ച്
ആകർഷകമായ തലക്കെട്ട് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാൻ ഉപകരിക്കും. ഇനി വിഷയത്തെ കുറിച്ചു പറയാം.

പോസ്റ്റിടാൻ വേണ്ടി മാത്രം പോസ്റ്റ് ഇടുക എന്നത് അവനവനോടും വായനക്കാരനോടും ചെയ്യുന്ന ദ്രോഹമാണ്.(www.thenorthviewnews.in) നിത്യവും എഴുതുന്നത് കൊണ്ടല്ല ഒരാൾ ശ്രദ്ധിക്കപ്പെടുന്നത് മറിച്ച് കാമ്പുള്ള എഴുത്തുകൾ കൊണ്ടാണ്. 

എന്തിനെ കുറിച്ചെഴുതണം എന്നത് എഴുത്തുകാരൻ തീരുമാനിക്കേണ്ടതാണ്. കഴിയുന്നതും
നന്നായി അറിയുന്ന വിഷയത്തെ കുറിച്ചു മാത്രം എഴുതാൻ ശ്രമിക്കുക. ആധികാരികമല്ലാത്ത കേട്ടുകേൾവികൾ വെച്ചുണ്ടാക്കുന്ന പോസ്റ്റുകൾ എഴുത്തുകാരന്റെ വിശ്വാസ്യത ഇല്ലാതാക്കും. ഏതെങ്കിലും ഒരു വിഷയം കിട്ടിയാൽ എല്ലാവരും ചറപറെ അതേ കുറിച്ച് എഴുതുക എന്നതാണ് ഫേസ്ബുക്കിലെ ഒരു രീതി. കഴിയുന്നതും ആ പണിക്ക് നിൽക്കാതിരിക്കുക. ഇനി എഴുതിയേ പറ്റൂ എങ്കിൽ എല്ലാവരും പറയുന്നതിൽ നിന്ന് വ്യത്യസ്തമായി വായനക്കാരന് പുതിയ അറിവ് ലഭിക്കുന്ന രീതിയിലോ മറ്റൊരു വീക്ഷണകോണിലോ ആ വിഷയത്തെ കുറിച്ച് പറയാൻ കഴിഞ്ഞാൽ നന്നാവും. ഒരു വിഷയത്തെ കുറിച്ച് ഒരേ കാര്യം തന്നെ എല്ലാരും പറയുമ്പോൾ വായനക്കാരൻ സ്‌ക്രോള് ചെയ്തു പോവുകയേ ഉള്ളൂ.

എങ്ങനെ എഴുതണം എന്നതാണ് രണ്ടാമത് ചിന്തിക്കേണ്ടത്. ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം ഫേസ്‌ബുക്കിലുള്ള ബഹുഭൂരിപക്ഷവും മാനസികമായ ഒരു ഉല്ലാസത്തിനും മുഷിപ്പിൽ നിന്നുള്ള മോചനത്തിനും ഒക്കെയാണ് ഇത് ഉപയോഗിക്കുന്നത് എന്നതാണ്. അവർക്ക് മുന്നിലേക്ക് കടുകട്ടി സാഹിത്യമോ ദീർഘമായ ഉപന്യാസമോ വെച്ചു കൊടുത്താൽ വായിക്കും എന്ന് പ്രതീക്ഷിക്കരുത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാനെടുക്കുന്ന പോലെയല്ല ഫേസ്‌ബുക്ക് തുറക്കുന്നത്. ദീർഘവും ഗഹനവുമായ ലേഖനങ്ങൾ വെബ് പോർട്ടലുകളിലോ തൽപരകക്ഷികളുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിലോ വായിക്കപ്പെടുന്ന പോലെ ന്യൂസ് ഫീഡിൽ കണ്ടാൽ വായിക്കില്ല. അതുകൊണ്ട് തന്നെ കഴിയുന്നതും ലളിതമായി ഒഴുക്കോടെ പറയാൻ കഴിഞ്ഞാൽ വായനക്കാർ ഉണ്ടാവും. ഒരുപാട് നീട്ടിപ്പരത്താതെ എഴുതിയാലെ വായനാസുഖമുണ്ടാവൂ. സംഭാഷണം കൊണ്ട് തുടങ്ങുക, ഇടക്ക് സംഭാഷണ ശൈലി ഉപയോഗിക്കുക ഇതൊക്കെ വായനക്കാരെ ആകർഷിക്കും. വാമൊഴി ഭാഷണം ഏറിയാൽ അരോചകമാവുകയും ചെയ്യും. 

പലരുടെയും എഴുത്തിന്റെ പ്രശ്നം ഖണ്ഡിക തിരിക്കാതെ ഉള്ള 'ചൊരിഞ്ഞിടൽ' ആണ്. ഒറ്റനോട്ടത്തിൽ തന്നെ വായനക്കാരനെ പിന്തിരിപ്പിക്കാൻ ഇത് മതി. കുത്ത്, കോമ, ചോദ്യചിഹ്നം, ആശ്ചര്യചിഹ്നം തുടങ്ങിയവ വേണ്ടയിടങ്ങളിൽ ചേർക്കുന്നതും പരമാവധി അക്ഷരത്തെറ്റ് ഇല്ലാതെ നോക്കുകയും ചെയ്യുന്നത് എഴുത്തുകാരനിൽ മതിപ്പുണ്ടാക്കും.

അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച്
ഇത്തിരി വൈകാരികമായ ശൈലിയാണ് ഫേസ്‌ബുക്ക് വായനക്കാർക്ക് പ്രിയം. സെന്റി ആയാലും ഹാസ്യമായാലും ക്ഷോഭമായാലും മിതമായ വൈകാരികത വായനയിലേക്ക് ആകർഷിക്കും. അമിതമായാൽ സംഗതി മഹാബോറാവുകയും ചെയ്യുമെന്നോർക്കുക.

എഴുതിയാലുടനെ പോസ്റ്റ് ചെയ്യുക എന്നത് നല്ല ശീലമല്ല. എഴുത്തിന്റെ ആവേശമടങ്ങി അല്പനേരം കഴിഞ്ഞു വായിച്ചു നോക്കിയാൽ എഡിറ്റ് ചെയ്യാനുള്ള കുറെ സംഗതി കാണാൻ പറ്റും. ആവശ്യമില്ലാത്ത ഓരോ വാക്കും വാചകവും വെട്ടിമാറ്റുക എന്നത് നല്ല എഴുത്തുകാരനിലേക്കുള്ള ദൂരം കുറക്കും. ഫേസ്‌ബുക്കിൽ അവനവൻ തന്നെയാണ് എഡിറ്റർ എന്നോർക്കുക. നല്ല ഒരു എഡിറ്ററാണ് മികച്ച എഴുത്തുകാരനെ സൃഷ്ടിക്കുന്നത്.

തുടക്കം നന്നാവുക എന്നതുപോലെ പ്രധാനമാണ് ഒരു പോസ്റ്റ് എങ്ങനെയാണ് അവസാനിപ്പിക്കുന്നത് എന്നതും. അവസാന വരികളാണ് മിക്കപ്പോഴും വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കുക. അതുകൊണ്ട് തന്നെ പോസ്റ്റിന്റെ ഒടുക്കം മനോഹരമായിരിക്കാൻ ശ്രദ്ധിക്കുക. 

ഇനി വായനക്കാരെ എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച്. ഈ പോസ്റ്റിന്റെ പ്രതികരണം അനുസരിച്ച് അത് പിന്നീടൊരിക്കൽ.

Post a Comment

Previous Post Next Post