സി പി എം ജില്ലാ സെക്രട്ടറി അസംബന്ധം പറയുന്നു : എ അബ്ദുർ റഹ് മാൻ
കാസർകോട്: (www.thenorthviewwnews.in) മുസ്ലിം ലീഗ് നേതാക്കളടക്കമുള്ള ജനപ്രതിനിധികൾ വഖഫ് ഭൂമി തട്ടിയെടുത്തെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രസ്താവിച്ചു. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിൻ്റെ ഭൂമിയും സ്കൂൾ കെട്ടിടവും എം.എൽ.എ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ തട്ടിയെടുത്തുവെന്നാണ് ബാലകൃഷ്ണൻ മാഷ് ആരോപിച്ചിരിക്കുന്നത്. പാർട്ടി ഓഫീസുകളും സ്മാരക മന്ദിരങ്ങളും നിർമ്മിക്കുന്നതിനായി സർക്കാർ ഭൂമിയും പൊതു സ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കൈയ്യേറി പാരമ്പര്യമുള്ള പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ ഭാഷ അങ്ങനെയായതിൽ അത്ഭുതമില്ല.
മുസ്ലിം ലീഗ് നേതാക്കൾ വഖഫ് സ്വത്ത് തട്ടിയെടുത്തുവെന്ന് പാർട്ടി പത്രത്തിൽ വന്ന വ്യാജ വാർത്ത സാധൂകരിക്കാനുള്ള ശ്രമമാണ് സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയത്. അഗതി മന്ദിരവും സ്കൂളും സമസ്ത കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ളതാണ്. അത് കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതും സമസ്ത ജില്ലാ നേതാക്കളാണ്. അതിൽ വല്ല അപാകതകളും ന്യൂനതകളും സംഭവിച്ചിട്ടുണ്ടെങ്കിൽ സമസ്ത കേന്ദ്ര മുശാവറയാണ് അതിൽ തീരുമാനമെടുക്കേണ്ടത്. പരസ്പരം ചർച്ച ചെയ്ത് വിൽപന നടത്തിയ സ്ഥലത്തെ തട്ടിയെടുത്തു വെന്ന് ആരോപിക്കുന്നത് പരിഹാസ്യമാണ്. മുസ്ലിം ലീഗിലൂടെ എല്ലാ സൗഭാഗ്യങ്ങളും കുടുംബസമേതം ഊറ്റിയെടുത്ത് മറുകണ്ടം ചാടിയ ഒരു വക്കീലിൻ്റെ നുണ കേട്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇത്രെത്തോളം തരംതാണത്. സമസ്ത കേന്ദ്ര മുശാവറയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെ സംബന്ധിച്ച് വലിയ രീതിയിൽ ഇടപെടാനുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ താൽപര്യം ഇക്കാര്യത്തിൽ എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യാൻ പറ്റുമോ എന്നുള്ള ചിന്തയാണ്. നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയകാലത്തെ അതിജീവിക്കുന്നതിന് വേണ്ടി മലയാളികൾ വാരിക്കോരി നൽകിയ പ്രളയ ഫണ്ടിൽ നിന്നും കൈയ്യിട്ട് വാരിയ പാർട്ടിയുടെ ജില്ലാ സെക്രട്ടറി എല്ലാവരും അങ്ങനെയാണെന്ന് കരുതുന്നത് വിവരക്കേടാണെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞു.

Post a Comment