ദുബായ് : (www.thenorthviewnews.in)
ഇന്നലെ ദുബായിൽ നിന്നും മരിച്ച നിതിൻ ചന്ദ്രന്റെ ഭാര്യ ആതിര പെൺ കുഞ്ഞിന് ജന്മം നൽകി. ഗർഭിണിയായ തന്റെ ഭാര്യയുടെ യാത്രയോടൊപ്പം
നിരവധി ഗർഭിണികളായ സഹോദരിമാരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സുപ്രിം കോടതി വരെ പോയി യാത്രയ്ക്കുള്ള അനുമതി നേടിയെടുത്ത, ഒരു ഭർത്താവിന്റെ എല്ലാ കടമകളും പൂർത്തീകരിച്ച്
പ്രിയതമയുടെ സുഖ പ്രസവത്തിന്റെ വാർത്ത പ്രതീക്ഷിച്ചു കഴിയവെയാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) കഴിഞ്ഞ ദിവസം ദുബായിൽ മരണപ്പെട്ട വാർത്താ നാം കേട്ടത്.
ഇന്ന് കാലത്ത് നിതിന്റെ ഭാര്യ ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവൻ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തിൽ നാട്ടിലേയ്ക്കയച്ചത്.
ആറ് ദിവസം മുമ്പാണ് നിതിൻ ചന്ദ്രനെന്ന സ്നേഹമയനായ ചെറുപ്പക്കാരൻ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്.
ആദ്യത്തെ കൺമണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവൻ കഴിഞ്ഞ ദിവസം രാത്രിയിൽ നിശബ്ദമായി ജീവിതത്തിൽ നിന്നും വിടവാങ്ങി. അവൻ പോലും അറിയാതെ ആ ഹൃദയം നിലച്ചു...
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകൾക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല...അത്രമേൽ അവൻ പ്രിയപ്പെട്ടവനായിരുന്നു..
വിധിയുടെ പല മുഖങ്ങളും പ്രവാസ ലോകത്ത് നിന്നും നാം അറിഞ്ഞിട്ടുണ്ട്. തന്റെ ഭാര്യയുടെ പ്രസവത്തോടൊപ്പം പ്രവാസ ലോകത്തെ എല്ലാ ഭാര്യമാരുടെയും കാര്യത്തെ ഗൗനിച്ച ആ പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ പൂരിതമായ നിമിഷങ്ങളിൽ ഭർത്താവിന്റെ ചലനം നിലച്ച വാർത്ത ഇന്നും ആതിര അറിഞ്ഞില്ല എന്നതാണ് ഏറെ ദുഖകരം.

Post a Comment