യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രി സജ്ജമായി;
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ ഇന്ന് മുതല്‍ സ്വീകരിക്കും



കാസർകോട് : (www.thenorthviewnews.in)
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. ഇന്ന് (ഏപ്രില്‍ 6) വൈകുന്നേരം മുതല്‍ കോവിഡ്-19 രോഗ ബാധിതരെ സ്വീകരിച്ച് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ
അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി  ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നതെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്.15 നും 50 നും ഇടയിലുള്ള കോവി ഡ് 19 സ്ഥിരീകരിച്ച രോഗികളെ ഇവിടെ ചികിത്സിക്കും. തിരുവനന്തപുരത്ത് നിന്നെത്തുന്ന 27 അംഗ മെഡിക്കൽ സംഘം ഇവിടെ സേവനം നടത്തും.
9.6 കോടിയുടെ ഉപകരണങ്ങൾ പർച്ചേസ് ചെയ്ത് ഉടൻ ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കെ എസ് ഇബി സാമൂഹിക പ്രതിബദ്ധത ഫണ്ടാൽ നിന്നാണ് തുക അനുവദിച്ചത്. ഇതോടെ മെഡിക്കൽ കോളേജാശുപത്രി പൂർണ തോതിൽ പ്രവർത്തനം തുടങ്ങാനാകുമെന്ന് കളക്ടർ പറഞ്ഞു ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് പരിസരത്ത് 160 കെ വി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മാര്‍ച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ജനറല്‍ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.
*സേവനത്തിനായി വിദഗ്ധ സംഘമെത്തുന്നു*
കോവിഡ് ആശുപത്രിയായി മാറ്റിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ 26 പേരടങ്ങുന്ന വിദഗ്ധ സംഘമെത്തുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രാവിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ആശീര്‍വാദത്തോടെ പുറപ്പെട്ട സംഘം ഞായറാഴ്ച രാത്രിയോടെ കാസര്‍കോട്ടെത്തും. പതിനൊന്ന് ഡോക്ടര്‍മാര്‍, പത്ത് സ്റ്റാഫ് നഴ്‌സ്,  അഞ്ച് അസിസ്റ്റന്റ് നഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്. കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാല് ദിവസം കൊണ്ട് കാസര്‍കോട്ട് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നെന്നും അത് യാഥാര്‍ത്ഥ്യമാക്കാനാണ് സംഘം യാത്ര തിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജിലെത്തുന്ന സംഘം ഇന്ന് (6) മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. കാസര്‍കോട് ജില്ലയില്‍ അനുഭവപ്പെടുന്ന ആരോഗ്യ വിദഗ്ധരുടെ അഭാവം കണക്കിലെടുത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വയം സന്നദ്ധരായാണ് മെഡിക്കല്‍ സംഘം എത്തുന്നത്. ജില്ലയില്‍ രണ്ടാഴ്ചയോളം സേവവനമനുഷ്ടിക്കുന്ന ഇവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കും.
KEYWORD
HEALTH MINISTER KERALA
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD

Post a Comment

Previous Post Next Post