കാസര്‍കോട് : (www.thenorthviewnews.in) ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ കാണുന്ന ഒരു ചോദ്യമുണ്ട് നമ്മുടെ സംസ്ഥാനത്ത് കലക്ടറില്ലാത്ത ജില്ല ഏത് ? പലരും ഷെയര്‍ ചെയ്യുകയും, കമന്റിടുകയും 
ചെയ്യുന്ന ആ ജില്ലയുടെ പേരാണ്... കാസര്‍കോട് എന്നത്. അത്യുത്തരകേരളത്തില്‍ കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഈ ജില്ലയോട് പലപ്പോഴും അധികാരികള്‍ കാണിക്കുന്നത് അവഗണനകള്‍ മാത്രമാണ്. കേരളത്തിലെ യാത്രക്കാര്‍ക്ക് മാത്രമായി ഒരു ട്രെയിന്‍ ( അന്ത്യോദയ) അനുവധിച്ചപ്പോള്‍ അതിന് സ്റ്റോപ്പ് കിട്ടണമെങ്കില്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ച് തടഞ്ഞ് വെക്കേണ്ടി വന്നു.



ഇനി വിഷയത്തിലേക്ക് വരാം ജില്ലാ കലക്ടറായിരുന്ന ശ്രീ ജീവന്‍ ബാബു IAS നെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിട്ട് ദിവസങ്ങള്‍ ഏറെ ആയി. മഴക്കെടുതിയും, കടലാക്രമണവും, ദേശീയപാത അടക്കമുള്ള റോഡുകളുടെ തകര്‍ച്ചയും, അപകടകങ്ങളും, അപകട മരണങ്ങളും, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളും, പനിമരണങ്ങളും, പകര്‍ച്ച രോഗങ്ങളുമടക്കം നിരവധി പ്രയാസങ്ങള്‍കൊണ്ട് കാസര്‍കോട് ജില്ല പ്രയാസപ്പെടുന്ന സമയത്താണ് പകരം ഒരാളെ നിയമിക്കാതെ ജില്ലാ കലക്ടറെ സര്‍ക്കാര്‍ മാറ്റിയത്.

ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും നമ്മുടെ റവന്യൂ മന്ത്രിയുടെ സ്വന്തം ജില്ലയിലേക്ക് ഒരു കലക്ടറെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. (കാസര്‍കോട്കാര്‍ക്ക് ADM ഭരണം മതിയെന്ന് ഭരിക്കുന്നവര്‍ക്ക് തോന്നിക്കാണും).
ഏറ്റവും രസകരമായ സംഭവം കലക്ടറെ മാറ്റിയ സമയത്ത് തന്നെ നമ്മുടെ റവന്യൂ മന്ത്രിയെയും കാണാതായി  എന്നുള്ളതാണ്. റവന്യൂ മന്ത്രിയെ  കാണാതായിട്ട് ദിവസം ഏറെ ആയി. നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ രൂക്ഷമായ മഴക്കെടുതികള്‍ ഉണ്ടായിട്ടും റവന്യൂ മന്ത്രിയെ നാം ഒരു സ്ഥലത്തും കണ്ടില്ല, കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മുന്‍പന്തിയില്‍ നില്‍ക്കേണ്ട നമ്മുടെ റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യം ആരും കണ്ടില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസര്‍കോട് മെഡിക്കല്‍ കോളെജിന്റെ വിഷയത്തിലും മറ്റു വികസന കാര്യങ്ങളിലും തുടരുന്ന അവഗണനയുടെ ഭാഗമായിട്ടായിരിക്കും കലക്ടറും വേണ്ട എന്ന് തീരുമാനിച്ചത്. കാസര്‍കോടിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി പൊരുതാം.

അഷ്റഫ് എടീനീര്‍
മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്

Post a Comment

أحدث أقدم