കാസര്‍കോട്: (www.thenorthviewnews.in) പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നായിട്ട് പോലും ആവശ്യത്തിനു ജീവനക്കാരില്ലാത്തത് കാരണം കാസര്‍കോട് നോര്‍ക്ക റൂട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 2 ദിവസം മാത്രം.പ്രവാസി വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോടിനൊരിടം ടീം കാസര്‍കോട് നോര്‍ക്ക റൂട്ട് ഓഫീസ് സന്ദര്‍ശിച്ചത്.
നോര്‍ക്ക റൂട്ട്‌സിന്റെ ശുപാര്‍ശപ്രകാശം ലോണിന് അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍ കര്‍ശനമായ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുന്നതായും പരാതിയുണ്ട്. നിലവില്‍ എസ് ബി ഐ, യുണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ മൂന്നു ബാങ്കുകള്‍ മാത്രമാണ് പ്രവാസികള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നത്.
പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ലഭിക്കുന്ന ആനൂകൂല്യ പദ്ധതികള്‍ പ്രധാനമായും രണ്ടുവിധത്തിലാണ് തരംതിരിച്ചിരിക്കുന്നത്. ആദ്യം വിദേശത്ത് ഇപ്പോഴും ജോലിചെയ്യുന്നവര്‍ക്കുള്ള സഹായങ്ങള്‍. രണ്ട്, തിരിച്ച് നാട്ടില്‍ എത്തിയവര്‍ക്കുള്ള സഹായം. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇതില്‍ ആദ്യം. 315 രൂപ അടച്ച് ഇന്‍ഷുറന്‍സില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് അപകടമരണം സംഭവിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താലാണ് ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ അര്‍ഹത. അംഗത്വമെടുക്കുമ്പോള്‍ വിസ, പ്രവാസി ഐ.ഡി. കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ജോലിക്കിടയിലോ അല്ലാതെയോ വിദേശത്തുവെച്ച് മരിച്ചാല്‍ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വരെ സഹായധനമായി ലഭിക്കും. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാല്‍ വൈകല്യത്തിന്റെ തീവ്രത കണക്കാക്കി രണ്ടുലക്ഷം രൂപ വരെ സഹായം ലഭിക്കും. ചികിത്സയ്ക്കും മറ്റും പ്രത്യേക സഹായം ഒന്നും ലഭിക്കില്ല. പ്രവാസം ഒഴിവാക്കി തിരിച്ചെത്തിയിട്ടും സ്ഥിരമായി ജോലിയില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് നോര്‍ക്കാ ഡിപ്പാര്‍ട്ട്‌മെന്റ് പ്രോഗ്രാം ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി. അങ്ങനെയുള്ളവരുടെ പുനരധിവാസത്തിനായി ഒരാള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. സ്വയം തൊഴില്‍സംരഭങ്ങള്‍ തുടങ്ങുന്നതിനാണ് ഈ വായ്പ നല്‍കുന്നത്. നോര്‍ക്കയുടെ മുന്‍കൂട്ടിയുള്ള ധാരണപ്രകാരം ബാങ്കുകളാണ് വായ്പ നല്‍കുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകളുടെ നിയമങ്ങള്‍ക്കു വിധേയമായിട്ടാണ് വായ്പ നല്‍കുക. ഇതുവഴി വായ്പ ലഭിക്കുമ്പോള്‍ 15 ശതമാനം കാപ്പിറ്റല്‍ സബ്‌സിഡിയും വായ്പ കൃത്യമായി അടുക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കിലുള്ള സബ്‌സിഡിയും ലഭിക്കും. അഞ്ചുവര്‍ഷമാണ് ലോണ്‍ തിരിച്ചടക്കുന്നതിനുള്ള കാലാവധി.
നീണ്ടകാലത്തെ പ്രവാസിജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എത്തുന്നവര്‍ക്കും അവധിക്ക് നാട്ടിലെത്തുന്നവര്‍ക്കുമുള്ള മറ്റൊരു പദ്ധതിയാണ് സ്വാന്തന സഹായധനം. ഒരു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കാണ് ഇതിനപേക്ഷിക്കാന്‍ യോഗ്യത. രോഗങ്ങള്‍ക്കുള്ള ചികിത്സ, പെണ്‍മക്കളുടെ കല്യാണം, മരണം, അംഗവൈകല്യം തുടങ്ങിയ അവസരങ്ങളില്‍ നിശ്ചിത തുക സഹായമായി ലഭിക്കും. പദ്ധതിപ്രകാരം ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയാണ് സഹായമായി ലഭിക്കുക. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, കരള്‍, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാസഹായമായി അന്‍പതിനായിരം രൂപയാണ് ലഭിക്കുക.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ചെറിയ കുറ്റങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കുന്നതിനായി സ്വപ്നസാഫല്യം എന്ന പദ്ധതിയുമുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാവുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കക. ഇവരെ നാട്ടിലേക്കുള്ള ചെലവ് വഹിച്ച് സുരക്ഷിതമായി നാട്ടിലെത്തുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതുകൂടാതെ വിദേശത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള നഴ്‌സിങ് മേഖലിയിലും വീട്ടുജോലിക്കും ആളുകളെ ഒഴിവനുസരിച്ച് റിക്രൂട്ട് ചെയ്യുന്നതും നോര്‍ക്കയുടെ സേവനങ്ങളില്‍ പെടും.
വിദേശത്തേക്ക് പോവുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്തു നല്‍കുന്നതും നോര്‍ക്ക വഴിയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് നോര്‍ക്ക കേന്ദ്രം വഴി അറ്റസ്റ്റേഷന്‍ നടത്താറുള്ളത്. പ്രവാസികള്‍ക്കായി ഇത്തരം നിരവധി സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് സെല്‍ വഴി ലഭ്യമാണെങ്കിലും പ്രവര്‍ത്തനം രണ്ടു ദിവസമായി ചുരുങ്ങിയതിനാല്‍ ജില്ലയിലെ ലക്ഷകണക്കിന് വരുന്ന പ്രവാസികള്‍ക്ക് ഇതിന്റെയൊന്നും ഗുണം ലഭിക്കാതെ പോകുന്നു.


Post a Comment

أحدث أقدم