കാസര്‍കോട്:(www.thenorthviewnews.in) യുവതലമുറയെ നെല്‍കൃഷിയോടടുപ്പിക്കാന്‍ ഉദുമ അരവത്ത് വയലില്‍  സംഘടിപ്പിച്ച നാട്ടി മഴ ഉത്സവം ഗ്രാമത്തിന്റെ ഉത്സവമായി.  ഉഴുത് മറിച്ച അരവത്ത് പാടശേഖരത്തില്‍ ഞാറ് നടാനും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനും  ജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്ന്  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ നാട്ടി പാഠശാലയിലെത്തി.

പുലരി അരവത്ത്,  പള്ളിക്കര പഞ്ചായത്ത് കൃഷി ഭവന്‍, കുടുംബശ്രീ സി.ഡി.എസ്, വയനാട് എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനുള്ള പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. ഉദുമ അരവത്ത് പാടശേഖരത്തില്‍ തരിശായി കിടക്കുന്ന പത്ത് ഏക്കര്‍ വയലുകളില്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് കൃഷിയിറക്കി. 12 തരം നാടന്‍ നെല്ലിനങ്ങളുടെ വിത്തുകളാണ് കൃഷിയിറക്കിയത്. പിന്നീട് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഇത് നേരിട്ട് പഠനവിധേയമാക്കാനാകും. അത്യുല്‍പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ കൂടാതെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന വിവിധ നെല്ലിനങ്ങളും കൃഷിയിറക്കി. ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍, തച്ചങ്ങാട് ജി എച്ച് എസ്, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി, ജി .എം .ആര്‍. എച്ച് എസ്.എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം എന്നീ സ്‌കൂളുകളും കാലടി സംസ്‌കൃത സര്‍വകലാശാല , പയ്യന്നൂര്‍ പ്രദേശിക കേന്ദ്രത്തിലെ സാമൂഹ്യ സേവന വിഭാഗവുമാണ്  കൃഷിയിറക്കിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ എന്‍. എസ്. എസ് വളണ്ടിയര്‍മാരും ,ഇക്കോ ക്ലബ് പ്രവര്‍ത്ത രും പരിസ്ഥിതി പ്രവര്‍ത്തകരും, കര്‍ഷകരും യുവജനസംഘടനാ, കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം ആയിരത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കാളികളായി. പരിപാടിയുടെ മുന്നോടിയായി കാര്‍ഷിക കമ്പളം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. പുലരി പ്രസിഡണ്ട് പ്രണബ് കുമാര്‍ അധ്യക്ഷനായി. വിജിലന്‍സ് ഡി .വൈ. എസ് പി. പി .കെ ദാമോദരന്‍, പ്രോഗ്രം കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുതിരക്കോട്,
കെ സനല്‍കുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. നാട്ടിമഴ മഹോത്സവം മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. പുലരിയുടെ ജല വിജഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര, ഡോ. വി ബാലകൃഷ്ണന്‍, നമ്പീശന്‍ വിജയേശ്വരി,
ടി. ടി .സുരേന്ദ്രന്‍, എ കുഞ്ഞിരാമന്‍, പി .സരസ്വതി, കെ വേണുഗോപാലന്‍, എം കരുണാകരന്‍, വി .വി കൃഷ്ണണന്‍, ദേവദാസ്,  സംഘാടക സമിതി ചെയര്‍മാന്‍ എ കോരന്‍, ജയപ്രകാശ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെളി കണ്ടത്തില്‍ ഓട്ടം, മുക്കാലിലോട്ടം, വടംവലി, തണ്ടിലോട്ടം, വോളിബോള്‍, കബഡി, വടംവലി,  റിലേ, കാളവണ്ടിയോട്ടം തുടങ്ങിയ കായിക മത്സരങ്ങള്‍ നടന്നു.

Post a Comment

Previous Post Next Post