മുള്ളേരിയ: (www.thenorthviewnews.in) കോഴിയെ കൊണ്ടുവരാന്‍ പോകുന്നതിനിടെ ടെന്‌പോ തടഞ്ഞു നിര്‍ത്തി പണം തട്ടിയ സംഭവത്തില്‍ പരാതിക്കാരന്‍ പ്രതിയായി. കര്‍ണാടകയിലേക്ക് കോഴി കൊണ്ടു വരാന്‍ പോകുന്നതിനിടെ തന്നെയും സഹായിയേയും ആക്രമിച്ച് ഒന്നര ലക്ഷം രുപയും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തെന്ന പരാതി ടെന്‌പോ ഡ്രൈവറുടെ ആസൂത്രണമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പരാതിക്കാരനെ അറസ്റ്റ് ചെയ്തു.
കളനാട്ടെ ഫാറൂഖി(32)നെയാണ് ആദൂര്‍ സി ഐ എം.എ. മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തളങ്കരയിലെ മുസ്താഖ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് അന്വേഷിച്ചുവരികയാണ്. 24ന് പുലര്‍ച്ചെ ആദൂര്‍ സി എ നഗറില്‍ വച്ച് ആള്‍ട്ടോ കാറിലെത്തിയ മൂന്നംഗ സംഘം തന്നെയും സഹായിയായ ഹബീബിനെയും ആക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ഫാറൂഖ് പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് പഴുതുകളടച്ചു നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ പ്രതിയാണെന്ന് തെളിഞ്ഞത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഫാറൂഖിന്റെ ഫോണിലേക്കു നിരവധി തവണ വിളിവന്നതായി തെളിഞ്ഞു. സുഹൃത്ത് മുസ്താഖാണ് ഫാറൂഖിനെ നിരന്തരമായി ബന്ധപ്പെട്ടിരുന്നത്. 23ന് ഇവര്‍ സംഭവം ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഒരോ നീക്കവും ഫാറൂഖ് മുസ്താഖിനെ ഫോണില്‍ അറിയിച്ചു കൊണ്ടിരുന്നു. ഷര്‍ട്ട് അല്‍പ്പം കീറിയതല്ലാതെ പരിക്കൊന്നും ഫാറൂഖിനുണ്ടായിരുന്നില്ല. ഇതും പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്നു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊള്ള ഫാറൂഖിന്റെ നാടകമാണെന്നു വ്യക്തമായത്. എസ് ഐ നിതിന്‍ ജോയ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ കെ.ടി.സുരേഷ്, ജയപ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment