പാലക്കാട്:(www.thenorthviewnews.in)കഴിഞ്ഞദിവസം രാത്രിയിലുണ്ടായ വിവാദ പോലീസ് നീക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടുന്നു.

പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ ചൊവ്വാഴ്ച രാത്രി 12-നുശേഷം പോലീസ് നടത്തിയ റെയ്ഡ് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ  ഇടപെടല്‍ വന്നിരിക്കുന്നത്.

അതിനിടയില്‍ പാലക്കാട്ടെ റെയ്ഡില്‍ സിപിഎമ്മിനെതിരേ പ്രതിപക്ഷ നേതാവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് വി.ഡി. സതീശന്‍ പരാതി നല്‍കിയിരിക്കുന്നത്.

പാലക്കാട് നഗരത്തില്‍ റോബിന്‍സണ്‍ റോഡിലെ ഹോട്ടലിലായിരുന്നു ചെവ്വാഴ്ച രാത്രിയോടെ നാടകീയസംഭവങ്ങള്‍ നടന്നത്. വനിതാനേതാക്കളുടെ മുറികളില്‍ വനിതാ പോലീസിൻ്റെ  അസാന്നിധ്യത്തില്‍ പരിശോധന നടത്തിയെന്നും ആരോപണം. ഇന്നലെ ഉച്ചയോടെ വീണ്ടും പോലീസെത്തി ഹോട്ടലില്‍ നിന്ന് സിസി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

റെയ്ഡ് വിവരമറിഞ്ഞ് കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ ഹോട്ടലിനു മുന്നില്‍ വന്‍സംഘര്‍ഷമുണ്ടായി. പാലക്കാട് ടൗണ്‍ സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണു ഹോട്ടല്‍ പരിശോധിച്ചത്. മഫ്തിയിലും യൂണിഫോമിലുമുള്ള പോലീസ് സംഘം ആദ്യം കയറിയതു ഷാനിമോള്‍ ഉസ്മാൻ്റെ  മുറിയിലാണ്.

വനിതാ പോലീസ് ഇല്ലാത്തതിനാല്‍ ഷാനിമോള്‍ മുറിക്കു പുറത്തിറങ്ങി നിന്നു. ബിന്ദു കൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ച മുറിയിലും പോലീസ് കയറാന്‍ ശ്രമിച്ചതോടെ ബഹളമായി. സംഭവമറിഞ്ഞ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഹോട്ടലിലെത്തി. സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ ഹോട്ടലിനുള്ളില്‍ ഉന്തുംതള്ളുമുണ്ടായി.

Post a Comment

Previous Post Next Post