ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും വിദ്യാഭ്യാസ വായ്പ ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വിദ്യാർഥിക്കും പി.എം വിദ്യാലക്ഷ്മി പദ്ധതി വഴി വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സർക്കാർ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയെത്തുന്ന വിദ്യാർഥികള്‍ക്കും തൊഴിലധിഷ്ഠിത, സാങ്കേതിക കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നവർക്കും മുൻഗണന നല്‍കും. സർക്കാർ 75 ശതമാനത്തോളം ഈടുനല്‍കുന്നതിനാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ആളുകള്‍ക്ക് വായ്പ അനുവദിക്കാനാകും.
4.5 ലക്ഷംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്ക് നിലവിലെ പലിശരഹിത വായ്പ തുടരും. എട്ടുലക്ഷംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികള്‍ എടുക്കുന്ന 10 ലക്ഷംവരെയുള്ള വിദ്യാഭ്യാസ ലോണുകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ മൂന്നുശതമാനം പലിശ സബ്സിഡി നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. 2024-25 സാമ്പത്തിക വർഷം മുതല്‍ 2030-31 വരെ 3,600 കോടിയാണ് പദ്ധതിക്കായി നീക്കിവെക്കുക.
ഉന്നത വിദ്യാഭ്യാസവകുപ്പ് എല്ലാവർഷവും രാജ്യത്തെ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കും. ഇവയില്‍ ആദ്യ 100 റാങ്കുള്ള സ്ഥാപനങ്ങളില്‍ വായ്പ ലഭ്യമാവും. ഇതിന് പുറമെ സംസ്ഥാനതലത്തില്‍ 101 മുതല്‍ 200 വരെ റാങ്കിലെത്തുന്ന സ്ഥാപനങ്ങളിലും കേന്ദ്രസർക്കാറിന് കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കിട്ടും.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് ‘പി.എം-വിദ്യാലക്ഷ്മി’ എന്ന ഏകീകൃത പോര്‍ട്ടല്‍ ഉണ്ടായിരിക്കും. അതില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പക്കും പലിശയിളവിനും അപേക്ഷിക്കാന്‍ കഴിയും. ഇ-വൗച്ചര്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി സബ്സിഡി വിതരണം ചെയ്യും.
Post a Comment