മലപ്പുറം: (www.thenorthviewnews.in) ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്‌ദം കേട്ടതായി നാട്ടുകാർ.
സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്, ചില വീടുകളുടെ മുറ്റത്തും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. അപ്രതീക്ഷിതമായ ഉണ്ടായ ഉഗ്രശബ്‌ദത്തിന്റെ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് പ്രദേശവാസികള്‍.
ശബ്‌ദം കേട്ടയുടൻ തന്നെ ഇവർ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. കൂടുതല്‍ പേരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മാറ്റി പാർപ്പിക്കുന്നത്. എന്നാല്‍ ഇതിനെ രണ്ടാമത് ഇവിടെ നിന്ന് ശബ്‌ദം കേട്ടതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരും ഇതോടെ വീടുകളിലേക്ക് മടങ്ങാൻ ഭയം കാണിക്കുകയാണ്.
സംഭവം അറിഞ്ഞതിന് പിന്നാലെ പഞ്ചായത്ത് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ക്വാറികള്‍ പാറ പൊട്ടിക്കുന്നതിന് സമാനമായ ശബ്‌ദമാണ് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഉഗ്ര ശബ്‌ദത്തിന് ശേഷവും ഇത് തുടർന്നുവെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. നാളെ രാവിലെയോടെ വിദഗ്‌ധ സംഘമെത്തി ഇവിടെ പരിശോധിച്ചേക്കും.
എന്നാല്‍ സ്ഥലത്ത് ഭൂകമ്ബം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. രാത്രി പതിനൊന്ന് മണി വരെ ഇവിടെ ഭൂചലനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സമിതിയും അറിയിച്ചിരിക്കുന്നത്. ഇതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. കൂടുതല്‍ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമാവൂ എന്നാണ് വിലയിരുത്തല്‍.
അതേസമയം, നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായ കവളപ്പാറയോട് ചേർന്ന മേഖലയാണ് ഇത്. കേരളത്തെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അവിടെ നിന്നും ഒലിച്ചുവന്ന മൃതദേഹങ്ങള്‍ പോത്തുകല്ലിലായിരുന്നു കണ്ടെത്തിയത്. ഇതൊക്കെയും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്ന കാര്യങ്ങളാണ്.
Post a Comment