ചേരങ്കൈ: (www.thenorthviewnews.in) വിദ്യഭ്യാസ രംഗത്ത് സ്തുത്യർഹമായ നേട്ടം കൊയ്ത് നാടിൻ്റെ അഭിമാനമായ വിദ്യാർത്ഥികളെ കാസ്ക് ചേരങ്കൈ അനുമോദിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസ്ക് ചേരങ്കൈ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റിൻ്റെ സമാപന ചടങ്ങിലായിരുന്നു ആദരവ്. ഇതോടെ രണ്ടാഴ്ച്ച നീണ്ടു നിന്ന ഫ്രീഡം ഫെസ്റ്റിനു തിരശ്ശീല വീണു. രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിഫാമിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സക്കിയ ഫാത്തിമ, കംപ്യൂട്ടർ സയൻസ് വിഭാഗം ബിടെക് പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയ ഫഹദ്, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഫിറോസ് എന്നിവർക്ക് ഉപഹാരം കൈമാറി.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഖദീജത്ത് അമാനയെ മുമ്പ് കാസ്ക് അനുമോദിച്ചിരുന്നു.
യോഗത്തിന് കാസ്ക് ജന.സെക്രട്ടറി സിയാദ് റഹിമാൻ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷഫീഖ് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ മുസ്താഖ് യോഗം ഉദ്ഘാടനം ചെയ്തു.
കാസ്ക്സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സര വിജയികളെയും യോഗം അഭിനന്ദിച്ചു. പ്രസംഗ മത്സരത്തിൽ ഷദ.സി.എ, ഫാത്തിമത്ത് ഫിദ, അൽഫിദ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മൊയ്തീൻ അനീസ്, ആയിഷത്ത് നഫല എന്നിവരും എ ഗ്രേഡ് നേടി. മത്സരാർത്ഥികൾ പ്രകടനമികവ് കൊണ്ട് ഞെട്ടിച്ചുവെന്ന് വിധികർത്താവായ യാസിർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിലെ മറ്റു മത്സര വിജയികൾക്കും പരിപാടിയിൽ ഉപഹാരം കൈമാറി.ദുബായ് പ്രസിഡണ്ട് ബഷീർ, മറ്റു രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു. ട്രഷറർ നിഷ്ഫാൻ ചെപ്പു നന്ദി പ്രകാശിപ്പിച്ചു.

Post a Comment