അനുസ്മരണം





എന്തെഴുതണം,എങ്ങനെ വിവരിക്കണം എന്നറിയുന്നില്ല.... (www.thenorthviewnews.in) കഴിഞ്ഞ അഞ്ച് ദിവസമായി മനസ്സ് നിശ്ചലമാണ്... വേണ്ടപ്പെട്ടവരുടെ അനുസ്മരണക്കുറിപ്പ് എഴുതുമ്പോൾ ഉള്ള് പിടയാറുണ്ടെങ്കിലും ഇത്തരത്തിൽ അക്ഷരങ്ങൾ കട്ടപിടിക്കുന്നത് ആദ്യമായാണ്.

    അതെ.. അതൊരു വല്ലാത്ത വിടവാങ്ങലാണ്.ഒരു നാടിനെ അനാഥമാക്കിയാണ് ആ നന്മ മരം മാഞ്ഞു പോയത്....  കെ.എം അബ്ദുല്ല ഹാജി ഒരു ജമാഅത്ത് പ്രസിഡണ്ട് എന്നതിനപ്പുറം ആരായിരുന്നു എന്നതിന്റെ ഉത്തരമായിരുന്നു ശനിയാഴ്ച വൈകുന്നേരം  അദ്ദേഹത്തിന്റെ ജനാസ കാണാനെത്തിയ ആബാലവൃദ്ധം ജനങ്ങൾ... കോവിഡ് കാലമായിട്ടും മയ്യിത്ത് നിസ്കാരത്തിന് കൊല്ലമ്പാടി പള്ളി ഇരുനിലയും നിറഞ്ഞ് വിശ്വാസികൾ തടിച്ചുകൂടിയത്.

   സ്റ്റാറ്റസ് കണ്ട് പലവരും അദ്ദേഹമാരായിരുന്നു ചോദിച്ചപ്പോൾ എല്ലാരോടും ഒറ്റവാക്കേ പറഞ്ഞുള്ളൂ... "ഞങ്ങളുടെ പാണക്കാടായിരുന്നു"അത്. ഏത് പ്രശ്നത്തിനും ആ സവിധത്തിൽ പരിഹാരമുണ്ടായിരുന്നു. എല്ലാ പരിപാടിയുടെയും തുടക്കം ഹാജിക്കാന്റെ കൈ നീട്ടം കൊണ്ടായിരുന്നു.. ആശ്വാസവാക്കുകളാൽ എല്ലായിടത്തും അദ്ദേഹമെത്തി... മരണ വീട്ടിൽ, കല്യാണ സദസ്സിൽ... വലിയൊരു കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാമീപ്യം.. ആര് മരമടഞ്ഞാലും പള്ളിപ്പറമ്പിൽ വന്ന് ഖബർ കുഴിക്കുന്നവരുടെ അടുക്കൽ വന്ന് കാര്യങ്ങൾ 'ഓകെ'യാക്കി പോവുന്ന ഹാജിക്ക... രോഗം മൂർഛിച്ച സമയത്തും പതിവ് തെറ്റാതെ എല്ലായിടത്തും എത്തി " ഞാനൊരു പ്രസിഡണ്ടല്ലേ... കാര്യങ്ങൾ നേരെയായില്ലെങ്കിൽ പടച്ചോന്റെ മുന്നിൽ ഞാനും പ്രതിയാവൂലേ...''  അതെ....!എങ്ങനെയായിരിക്കണം നേതാവ് എന്നതിന്റെ വലിയ ഉത്തരമാണ് ഞങ്ങളുടെ പ്രിയപ്പെട്ട കെ.എം അബ്ദുല്ല ഹാജി. അതു കൊണ്ട് തന്നെയാണ് മരണമടഞ്ഞത് മുതൽ ഇന്ന് വരെ 'ഇനിയാര്... ?' എന്നതിന് ആർക്കും ഉത്തരം കിട്ടാതെ പോയതും....അദ്ദിൻച്ചാക്ക് പകരം അദ്ദിൻച്ച മാത്രമാണ്. 

   കാര്യം ആരുടെ മുന്നിലും തുറന്ന് പറയാൻ ഹാജിക്കാക്ക് മടിയില്ലായിരുന്നു. പിന്നീട് അവരെ കാണുമ്പോൾ 'പൊര്ത്താക്കീറ് ' എന്ന് പറയാനും ... ഒരേ സമയം ശാസനയും ലാളനയും .... ഒരു പിതാവിന്റെ സ്നേഹവും ലാളനയുമായിരുന്നു  കൊല്ലമ്പാടിക്ക് ഈ കാലമത്രയും അദ്ദേഹം പകുത്ത് നൽകിയത്...😢

               നേതൃമഹിമയിൽ മാത്രമല്ല കുടുംബ ജീവിതത്തിലും വലിയ മാതൃകയാണ് അദ്ദേഹം. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ അദ്ദേഹം കാണിച്ച  ഉത്സുകത ഏവർക്കും പാഠമാക്കാവുന്നതാണ്. ജ്യേഷ്ഠാനുജന്മാർ കലഹിക്കാൻ മാത്രം മത്സരിക്കുന്ന ഈ കാലത്ത് കെ.എം അബ്ദുല്ല ഹാജിയുടെയും അനുജരന്മാരുടെയും സ്നേഹ ബന്ധം അത്രമേൽ സമ്പുഷ്ടമാണ്.

           ആലിമീങ്ങൾക്കും തങ്ങന്മാർക്കും അദ്ദേഹത്തിന്റടുക്കൽ വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ച് കുമ്പോൽ സാദാത്തീങ്ങൾക്ക്... എന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം അവരിലാരെങ്കിലുമായിരിക്കണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ട് തന്നെ.. ഹോസ്പിറ്റൽ കിടക്കയിൽ ചെറിയ നിശ്വാസമായി കിടക്കുമ്പോൾ പോലും ഉസ്താദുമാരുടെ പ്രാർത്ഥനകളുടെ മുന്നിൽ കണ്ണ് തുറന്നത്.. പണ്ഡിത കരങ്ങൾ ചേർത്തു പിടിച്ചത്......

          മരണമടയുന്നതിന് ഒരു ദിവസം മുമ്പാണ് ഞാൻ ഹോസ്പിറ്റലിൽ ചെന്നത് .വീരപുരുഷനായി മാത്രം കണ്ട അദ്ദേഹം അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ ഉളളാന്ന് പിടഞ്ഞു.. "അദ്ദിൻച്ച... അദ്ദിൻച്ച... " സ്വരം ഇടറുന്നുണ്ടെങ്കിലും വിളിച്ചു കൊണ്ടേയിരുന്നു.. കണ്ണടച്ചു കിടക്കുകയാണ്.. ചെറിയ ശ്വാസം മാത്രം.. എനിക്കുറപ്പുണ്ടായിരുന്നു ആരെ വിളി കേട്ടില്ലെങ്കിലും ഞങ്ങളെ വിളി കേൾക്കുമെന്ന്... ഞാൻ അറിയാവുന്ന അദ്കാറുകൾ ഉച്ചത്തിൽ ചൊല്ലിയപ്പോൾ ഒരു നിമിഷം കണ്ണുതുറന്നു.. എന്നെ നോക്കി...  ചേർത്തു പിടിക്കാൻ നോക്കിയെങ്കിലും കൈ ഉയർന്നില്ല... ഞാൻ കൂട്ടിപ്പിടിച്ചു... അദ്ദേഹം വീണ്ടും മയക്കത്തിലേക്ക്...

  എന്റെ മനസ്സ് നിറയാൻ അത് മതിയായിരുന്നു. പിറ്റേ ദിവസം കേട്ടു... "ഹാജിക്ക പോയി " എന്ന്

        നാഥാ... സ്വർഗത്തിലെ ഉന്നത സ്ഥാനം നൽകി അദ്ദേഹത്തെ അനുഗ്രഹിക്കേണമേ.. 

ഞങ്ങൾക്ക് ഖൈറായ പകരക്കാരനെ നൽകേണമേ.. ആമീൻ



ഉമറുൽ ഫാറൂഖ് ദാരിമി കൊല്ലമ്പാടി 

( 9037699050)

Post a Comment

Previous Post Next Post