കോഴിക്കോട്:(www.thenorthviewnews.in)  ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരവെ, തീരുമാനത്തെ ന്യായീകരിച്ച്‌ എംകെ മുനീര്‍ എംഎല്‍എ. മുസ്ലിം ലീഗില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഒരു രീതിയില്‍ മാത്രമേ കാണാനാകൂ. പൊതുസമൂഹവും മാധ്യമങ്ങളും മറ്റു രീതിയില്‍ ചര്‍ച്ച ചെയ്‌തേക്കാം. പാര്‍ട്ടി നേതൃത്വം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. അതാണ് അന്തിമ തീരുമാനമായി പുറത്തുപറയാന്‍ സാധിക്കുക. ഹരിതയിലെ വിഷയങ്ങളില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന് ശേഷമാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹരിത വിഷയത്തില്‍ അച്ചടക്ക ലംഘനം നടന്നിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ തീരുമാനം അന്തിമമാണെന്നും മുനീര്‍ പറഞ്ഞു.

അതേസമയം, ഹരിത വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും നേതൃത്വം തീരുമാനം എടുത്തിട്ടുണ്ടാകുക എന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പ്രതികരിച്ചു. സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇതര പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായ നേതൃത്വമാണ് ലീഗിന്റേത്. പാര്‍ലമന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണിത്. ലോക ചരിത്രത്തില്‍ പോലും ഒരു സംഘടനയ്ക്ക് ഇത്രയും മികച്ചൊരു നേതൃത്വമില്ല. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും നേതൃത്വം തീരുമാനം എടുക്കുക. ഇന്ന് പൊട്ടിമുളച്ചതല്ല ലീഗിന്റെ വനിതാ പ്രാതിനിധ്യമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.


സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിക്കെതിരെ ചില ഹരിത ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചായിരുന്നു അവരുടെ പ്രതികരണങ്ങള്‍. കമ്മിറ്റി പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് വിവരം. എംഎസ്‌എഫിലെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി ബുധനാഴ്ചയാണ് മുസ്ലിം ലീഗ് നേതൃത്വം പിരിച്ചിവിട്ടത്. ഭാരവാഹികള്‍ അച്ചടക്കം ലംഘിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഹരിത ഭാരവാഹികളും എംഎസ്‌എഫ് നേതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് തയ്യാറാക്കിയ ധാരണ ഹരിത ഭാരവാഹികള്‍ ലംഘിച്ചുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.

പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാത്ത ഹരിതയുടെ കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നേതൃത്വം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹരിത ഭാരവാഹികള്‍ നിലപാട് മാറ്റിയിരുന്നില്ല. ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സലാം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്‌എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത ഭാരവാഹികള്‍ തയ്യാറിയില്ല. ഇതാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post