മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ നൽകും
കാസർകോട്:(www.thenorthviewnews.in) കോവിഡ് രൂക്ഷയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചട്ടഞ്ചാലിൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കാസർകോട് ജില്ലാ പഞ്ചായത്ത്. ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഇതിന് വേണ്ടി സ്ഥലവും 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. ജില്ലാ ആസൂത്രണസമിതിയുടെ അനുമതിയോടെ ആയിരിക്കും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുക. ഇതിനായി മൂന്ന് ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ചു ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും വകയിരുത്തും.
കാസർകോട് ജില്ലാ പഞ്ചായത്ത് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ ഓണറേറിയവും വാക്സിൻ ചലഞ്ചിൽ നൽകാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
മെയ് ഒന്നു മുതൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. തുടർന്ന് അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും വാക്സിൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

إرسال تعليق