കാസര്‍കോട്:(www.thenorthviewnews.in) കാസര്‍കോട് ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ വേണമെന്ന കാസര്‍കോട് ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദമാകുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ രണ്ടു നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ പോലും 16 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നാണ് നിര്‍ദേശം. ശനിയാഴ്ച മുതല്‍ നടപ്പാക്കുന്ന നിര്‍ദേശം ഇന്നലെ മുതല്‍ ദേശീയ പാതയിലും മറ്റും തടഞ്ഞു നിര്‍ത്തി പോലീസ് ജനങ്ങളെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പോലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ എടുത്തതിന്റെ രേഖയോ കാണിക്കേണ്ടി വരും.അതേസമയം കടയില്‍ പോകാന്‍ പോലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കാണിക്കേണ്ടി വരും എന്നത് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. നിര്‍ദേശം ജനങ്ങള്‍ക്ക് പല രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും തുഗ്‌ളക് പരിഷ്‌ക്കാരങ്ങളാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് മോശമായ കച്ചവടവും മറ്റും പതിയെ നഷ്ടത്തില്‍ നിന്നും കരകയറിത്തുടങ്ങിയിട്ടേയുള്ളൂ. അതിനിടയില്‍ പുതിയ സാഹചര്യം കച്ചവടത്തിന് മുമ്ബത്തേതിനേക്കാള്‍ തിരിച്ചടി നല്‍കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അതേസമയം വടക്കന്‍ ജില്ലകളിലാണ് കോവിഡ് ഭീതി കേരളത്തില്‍ ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാകാന്‍ കാരണമാകുമെന്നുമാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്.

Post a Comment

أحدث أقدم