കുട്ടിക്കാല റമസാൻ ഓർമ്മകൾ
റാഫി പള്ളിപ്പുറം
വളരെ ചെറുപ്പത്തിൽ തന്നെ വൃതമനുഷ്ടിക്കാറുണ്ടായിരുന്നെങ്കിലും വലിയ ആവേശം കുട്ടിക്കാലത്ത് ഇല്ലായിരുന്നു. റമസാൻ മാസപ്പിറവി ഉറപ്പിക്കുന്നതിന് വേണ്ടി വൈകുന്നേരം മുതൽ തന്നെ ഞങ്ങൾ കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കും. മാസപ്പിറവി കണ്ടതായി ഖാസി അവർകൾ ഉറപ്പിച്ചു കഴിഞ്ഞാൽ പള്ളിയിൽ നിന്നും (www.thenorthviewnews.in) ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന തക്ബീർ ധ്വനികൾ മാത്രമേ അന്ന് നോമ്പ് ഉറപ്പിച്ചത് അറിയാൻ വഴിയുണ്ടായിരുന്നുള്ളൂ. ടെലിഫോൺ, ടീ.വീ, ഓൺലൈൻ, സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന ബാല്യകാലം. കടവത്ത് പള്ളിയിൽ നിന്നും അദ്ള (അബ്ദുള്ള) ഉസ്താദിന്റെ കനത്ത ശബ്ദതിലൂടെയുള്ള തക്ബീർ ധ്വനികൾ കേട്ട് തുടങ്ങിയാൽ തന്നെ ഞങ്ങൾ കുട്ടികൾക്ക് ആവേശമായി. നോമ്പ് നോക്കുക എന്നതിനേക്കാളും പരിശുദ്ധ റമസാൻ മാസത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് വരുന്ന പെരുന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പും ഒക്കെയായിരുന്നു മനസ്സിൽ മുഴുവൻ.
റമസാൻ മാസപ്പിറവി ഉറപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് നോമ്പിന്റെ നിയ്യത്ത് ചൊല്ലി തന്നിരുന്നത് വർഷങ്ങൾക്ക് മുമ്പെ ഞങ്ങളെ വിട്ടുപിരിഞ്ഞ ഉപ്പാന്റെ ഉമ്മ (ഉപ്പമ്മ) ആയിരുന്നു. അവരുടെ മഗ്ഫിറത്തിന് വേണ്ടി പ്രാർഥിക്കുന്നു (ആമീൻ) സിമന്റ് തേച്ച നിലത്ത് ഒരു പലക (മുൻ കാലങ്ങളിൽ നിലത്ത് ഇരിക്കാൻ ഉപയോഗിച്ചിരുന്ന നിലപ്പലക) വെച്ച് ഉപ്പുമ ഇരിക്കും, കുഞ്ഞു കുഞ്ഞു പലകകൾ ചുറ്റും വെച്ച് ഞങ്ങൾ കുട്ടികൾ വട്ടത്തിലിരിക്കും. പക്ഷെ, അധികം അറിവുകൾ ഒന്നുമില്ലാതിരുന്ന അവർ നിയ്യത്തിന് ഉപയോഗിച്ചിരുന്ന അറബി പദങ്ങൾ വളരെ വ്യതസ്തമായിരുന്നു. "ഇന്നബൈത്തു, സുമ്മ കദി, അന്നദായി........" (നവയ്ത്തു സൗമു....) തുടർന്ന് മലയാളത്തിലും ചൊല്ലിത്തരും. "ഇക്കൊല്ലത്തെ, ഈ ആണ്ടത്തെ, റമസാൻ മാസത്തിലെ, അദായ, ഫർളായ, നാളത്തെ നോമ്പിനെ അല്ലാഹുത്തഹാലാക്ക് വേണ്ടി നോറ്റി വീടുവാൻ കരുതി ഉറപ്പിക്കുന്നു, ആമീൻ, ഫാത്തിഹ. ഇങ്ങനെയായിരുന്നു നിയ്യത്ത് പറഞ്ഞു തന്നതിന്റെ പൂർണ രൂപം.
അത്താഴം കഴിക്കാൻ ഉമ്മ വിളിച്ചുണർത്തുന്നത് വരെ ശരിക്ക് ഉറക്കം വരില്ലായിരുന്നു. അത്താഴത്തിന് ഉണർന്നാൽ ദൂരെ ദിക്കിൽ നിന്നും ബാൻഡ് കൊട്ടുന്ന ശബ്ദം കേൾക്കും. അത് തളങ്കര കടവിലൂടെ നീങ്ങുന്ന അത്താഴക്കൊട്ടിൻറെ ശബ്ദമായിരുന്നു. ഇന്നത്തെ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാത്രിയുടെ യാമത്തിൽ നോമ്പെടുക്കുന്നവരെ അത്താഴം കഴിക്കുവാൻ വിളിച്ചുണർത്തിയിരുന്ന ഒരു സമ്പ്രദായം. നോമ്പ് എടുത്ത് ഉച്ച ആവുമ്പോഴേക്കും തലേന്നാൾ രാത്രിയിൽ കാണിച്ച ആവേശം ഒക്കെ ചോർന്ന് ആകെ ക്ഷീണിച്ച് അവശനായിരിക്കും. പിന്നെ ചുമരിൽ തൂക്കിയിരിക്കുന്ന ഘടികാരത്തിൻറെ സെക്കന്റ് സൂചി നീങ്ങുന്നത് കണക്ക് കൂട്ടി "വെടി പൊട്ടാൻ" (മഗ്രിബ് ബാങ്ക് വിളി) കാത്തിരിക്കും. ഉച്ചയോടെ തന്നെ നോമ്പ് മുറിച്ച അനുഭവങ്ങളുമുണ്ട്. വല്ല വിധേനയും ഉച്ചയ്ക്ക് മുറിച്ചാൽ നോമ്പ് തുറ സമയം ആവുമ്പോൾ വല്ലാത്ത ഒരു കുറ്റ ബോധം ഉണ്ടാവാറുണ്ട്.
അന്ന് റമസാൻ മാസത്തിൽ സ്കൂൾ അവധി ആണെങ്കിലും കൂടുതലും നോമ്പ് നോറ്റിരുന്നത് വെള്ളിയാഴ്ചകളിലും പതിനേഴ്, ഇരുപത്തിയേഴ് തുടങ്ങിയ വിശേഷപ്പെട്ട ചില ദിവസങ്ങളിലും മാത്രമായിരുന്നു. അന്ന് റമസാൻ ഒന്ന് മുതലേ ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത് ചെറിയ പെരുന്നാൾ വരവേൽക്കാൻ വേണ്ടിയായിരുന്നു. പെരുന്നാളിന് ഉടുത്തൊരുങ്ങാൻ മാസങ്ങൾക്ക് മുമ്പേ ഉപ്പ ദുബായിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നതോ, കൊടുത്തയച്ചതോ ആയ ഉടുപ്പുകൾ പെട്ടിയിൽ അടുക്കി വെച്ചിരിക്കും. അക്കാലത്ത് പെരുന്നാളിന് മാത്രമാണ് പുത്തനുടുപ്പ് തയ്പ്പിചിരുന്നത്. മിക്കവാറും ആ ഒരൊറ്റ കൂട്ടം വസ്ത്രങ്ങൾ തന്നെയായിരിക്കും മിക്കവർക്കും അടുത്ത ഹജ്ജിപ്പെരുന്നാളിനും ഉടുക്കാൻ. അധികം വരുത്തിയില്ലാത്ത കാലത്താണ് എൻറെയൊക്കെ കുട്ടിക്കാലം എങ്കിലും അന്ന് അങ്ങിനെ ആരും പാഴ്ചിലവുകൾ നടത്താറില്ലായിരുന്നു. മാസങ്ങൾക്ക് മുമ്പേ കരുതി വെച്ച ഉടുപ്പുകൾ നോമ്പ് ഒന്ന് മുതലേ ഇടയ്ക്ക് എടുത്ത് നോക്കി ആകാംഷയോടെ ശവ്വാലിൻറെ പൊന്നമ്പിളി മാനത്ത് ദർശിക്കുന്നതിനായി കാത്തിരിക്കും.
നാൽപത് വർഷങ്ങൾക്ക് മുമ്പുള്ള റമസാൻ കാലത്തെ ഓർമകളും, ശീലങ്ങളും, അക്കാലത്തെ രീതികളുമാണ് ഇവിടെ പങ്ക് വെച്ചത്. ഇന്നത്തെ തലമുറയ്ക്ക് ചിലപ്പോൾ ഉൾകൊള്ളാൻ പോലും പറ്റാത്ത കുറെ അനുഭവങ്ങൾ. ഞാൻ ബാല്യം പിന്നിട്ട കാലത്ത് ഇങ്ങനെയും, എൻറെ മുൻകാമികളുടെ കുട്ടിക്കാലങ്ങൾ ഇതിൽ നിന്നും ഏറെ വ്യത്യസ്തമായി വറുതികൾ ഒക്കെ അനുഭവിച്ച കാലത്തിലൂടെയായിരുന്നു.
വിശ്വാസികൾക്ക് സുവർണ കാലമായി വീണ്ടും ഒരു പരിശുദ്ധ റമസാൻ മാസം കൂടി കടന്നു വന്നിരിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തെ രണ്ടാമത്തെ റമസാൻ. കഴിഞ്ഞ വർഷം രോഗ പ്രതിരോധത്തിൻറെ ഭാഗമായി പള്ളികൾ അടഞ്ഞു കിടന്നതിനാൽ വിശ്വാസികൾ ഏറെ വേദനിച്ച വർഷമായിരുന്നു. ഈ വർഷം പള്ളികൾ തുറന്ന് ജമാഅത്ത് നമസ്കാരങ്ങൾ നടക്കുന്നെങ്കിലും കോവിഡ് മഹാമാരി മുമ്പത്തേക്കാളും ഉഗ്രവിരൂപിയായി നമുക്ക് ചുറ്റും തന്നെയുണ്ട്. എല്ലാവരും ജാഗ്രത കൈവിടാതെ അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക. എല്ലാവരും മുൻ കരുതലെടുക്കുക.
കഠിനമായ ഉഷ്ണത്തിലൂടെയാണ് പ്രത്യേകിച്ച് നാട്ടിലുള്ളവർ നോമ്പെടുക്കുന്നത്. പ്രവാസ ജീവിതം നയിച്ചവർ കഠിനമായ ചൂട് കാലത്തെ റമസാൻ നേരത്തെ അനുഭവിച്ചതാണ്. എല്ലാരുടെയും അമലുകൾ നാഥൻ സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എൻറെ എല്ലാ സഹോദരങ്ങൾക്കും റമസാൻ മുബാറക്ക്. എല്ലാവര്ക്കും നന്മകൾ നേരുന്നു.

Post a Comment