തൃശൂര്‍:(www.thenorthviewnews.in) കോവിഡ് വ്യാപനം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം പൂരം നടത്തിപ്പിനെതിരെ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഈ സാഹചര്യത്തില്‍ അല്‍പം മനുഷ്യത്വം കാണിക്കണമെന്ന് പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പങ്കുവച്ച കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്‍റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
''ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസിലായിക്കാണും. അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കുക'' എന്നായിരുന്നു പാര്‍വതി കുറിച്ചത്. 'ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്'-ഷാഹിന നഫീസയുടെ പോസ്റ്റിൽ പറയുന്നു.
എഴുത്തുകാരി ശാരദക്കുട്ടിയും കോവിഡിനിടയില്‍ പൂരം നടത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. 'ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം ' എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട്" എന്നായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.

Post a Comment