മഞ്ചേശ്വരം:(www.thenorthviewnews.in)  സംസ്ഥാനത്തെ ഒന്നാമത്തെ മണ്ഡലമായ മഞ്ചേശ്വരത്ത് ഇക്കുറി മത്സരം തീപാറും. ശക്തരായ മൂന്ന് സ്ഥാനാർഥികളെയാണ് ഇവിടെ മുന്നണികൾ രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന തലത്തിൽ തന്നെ ആവേശത്തോടെ നോക്കി കാണുന്ന ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിബി അബ്ദുറസാഖ് 89 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ എംസി ഖമറുദ്ധീൻ എംഎൽഎക്കായി. എന്നാൽ ജ്വല്ലറി നിക്ഷേപ കേസിൽ ജയിലിൽ ആയതോടെ നഷ്ടപ്പെട്ട മുഖച്ഛായ വീണ്ടുടുക്കാൻ മണ്ഡലത്തിലെ കരുത്തനായ യൂത്ത്ലീഗ് നേതാവായ എകെഎം അഷ്‌റഫിനെ നിയോഗിക്കുകയായിരുന്നു മുസ്ലിം ലീഗ്. മണ്ഡലക്കാരനും ജനപ്രതിനിധിയായി പരിചയ സമ്പത്തുമുള്ള തുളുനാടിന്റെ ഓരോ തുടിപ്പുമറിയുന്ന കന്നഡ തുളു ഭാഷയും അനായാസം കൈകാര്യം ചെയ്യാനാറിയുന്ന എകെഎം അഷ്റഫ് ഉറച്ച വിജയപ്രതീക്ഷയിലാണ്. 

ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന എൽഡിഎഫ് മഞ്ചേശ്വരത്തും ആ സ്വാധീനം പ്രതീക്ഷിക്കുന്നു.  കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായി തിളങ്ങിയ വി.വി രമേശനെയാണ് പാർട്ടി ഇക്കുറി കളത്തിൽ ഇറക്കിയിരിക്കുന്നത്. സിഎച്ച് കുഞ്ഞമ്പുവിന് ശേഷം നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് രമേശനും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മണ്ഡലം ഏതുവിധേനയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ ബിജെപി ഇക്കുറിയും സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രനെ തന്നെ രംഗത്തിറക്കി. ഒരേ സമയം കോന്നിയിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന സുരേന്ദ്രനും ഇക്കുറി മണ്ഡലം കൈവിട്ട് പോകില്ലന്ന പ്രതീക്ഷയിലാണ്. 89 വോട്ടിന് പരാചയപെട്ടപ്പോൾ 400 ലധികം വോട്ട് പിടിച്ച സ്വാതന്ത്ര്യ സ്ഥാനാർഥി കെ സുന്ദര ബിഎസ്പി സ്ഥാനാർഥിയായി ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പത്രിക പിൻവലിച്ചത് സുരേന്ദ്രന് ആശ്വാസം നൽകുന്നുണ്ട്. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥി എം സുരേന്ദ്രൻ രംഗത്തുള്ളത് കെ സുരേന്ദ്രന് തലവേദന സൃഷ്ടിച്ചേക്കാം. 8 സ്ഥാനാർഥികളുള്ള മഞ്ചേശ്വരത്ത് ഇക്കുറി കനത്ത ത്രികോണ മത്സരമായിരിക്കും നടക്കുക

Post a Comment

أحدث أقدم