കഴിഞ്ഞ 5 വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോ.ഷീബയെ തേടി മറ്റു പഞ്ചായത്തുകളിൽ നിന്ന് പോലും ആളുകളെത്തുന്നു.ഷീബ ഡോക്ടറുടെ  ശ്രമഫലമായാണ് കളനാട് ഡിസ്‌പെൻസറി 25 ബെഡ്ഡുകളുള്ള ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്തത്



കാസർകോട്:(www.thenorthviewnews.in) തന്നെ വന്നു കാണുന്ന രോഗികളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ   പരിഗണിക്കുകയാണ് കാസർകോട് നായന്മാർമൂലയിലെ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോ.ഷീബ. ചെങ്കള പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ രോഗികൾ ദിനംപ്രതി എത്തുന്ന സ്ഥാപനമാണ്. കഴിഞ്ഞ 5 വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോ.ഷീബയെ തേടി മറ്റു പഞ്ചായത്തുകളിൽ നിന്ന് പോലും ആളുകളെത്തുന്നു. മാറാരോഗങ്ങളെന്ന് മുദ്രകുത്തപ്പെട്ടതും സർജറി തീരുമാനിച്ചുറപ്പിച്ചതുമായ ഒട്ടേറെ രോഗികൾക്ക്  ഷീബ ഡോക്ടറുടെ മരുന്ന് കൊണ്ട് രോഗമുക്തി നേടിയതായി ജനങ്ങൾ ഒന്നടങ്കം പറയുന്നു. ഡിസ്പെൻസറിയിലേക്ക് വരുന്ന രോഗികൾക്ക് ചികിത്സ നൽകുന്നതിനൊപ്പം രോഗത്തെ കുറിച്ചും രോഗ പ്രതിരോധത്തെകുറിച്ചും ബോധവത്കരണം കൂടി നടത്തുകയാണ് ചെങ്കളയിലെ ഈ ജനകീയ ഡോക്ടർ. ഗുണമേന്മയേറിയ ചികിത്സ നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും ഹോമിയോ വകുപ്പിൽ നിന്നും ചെങ്കള പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും ഡിസ്‌പെൻസറിയിലെ മറ്റു സ്റ്റാഫിൽ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ആത്മാർത്ഥമായി ജനസേവനം നടത്താൻ ആവുന്നതെന്ന് ഡോക്ടർ പറയുന്നു. ഡോ.ഷീബയെ കൂടാതെ 3 ജീവനക്കാരാണ് നായന്മാർമൂല ഡിസ്‌പെൻസറിയിൽ ഉള്ളത്. കോവിഡ് രൂക്ഷമായിരുന്ന ആദ്യ ഘട്ടത്തിൽ പോലും അവധിയെടുക്കാതെയണ് ഡോക്ടറും മറ്റ് ജീവനക്കാരും ആതുരസേവന രംഗത്ത് മാതൃകയായി പ്രവർത്തിച്ചു വന്നത്. രോഗികളെക്കൊണ്ട് വീർപ്പുമുട്ടുന്ന ഡിസ്‌പെൻസറിക്കെട്ടിടത്തിന്റെ മുകൾ നിലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഹൈ ക്വാളിറ്റി ചികിത്സ നൽകുന്നതിന്റെ ഭാഗമായി  ജില്ലയിലാദ്യമായും സംസ്ഥാനത്ത് തന്നെ  രണ്ടാമതായും ഹോമിയോ രംഗത്ത് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതും നായന്മാർമൂല ഹോമിയോ ഡിസ്‌പെൻസറിക്കാണ്.   കൊല്ലം സ്വദേശിയായ ഡോ.ഷീബ കാൽനൂറ്റാണ്ട് കാലമായി കാസർകോട് പ്രവർത്തിച്ചു വരുന്നു.  കളനാട്, മഞ്ചേശ്വരം, മധൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നപ്പോഴും ആ ഡിസ്പെൻസറികളിൽ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഷീബ ഡോക്ടറുടെ  ശ്രമഫലമായാണ് കളനാട് ഡിസ്‌പെൻസറി 25 ബെഡ്ഡുകളുള്ള ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്തത്. നേരത്തെ നാട്ടുകാരുടെ സ്നേഹപൂർവ്വമായ നിർബന്ധം മൂലം മധൂരിൽ സേവനം നീട്ടിവാങ്ങാൻ നിർബന്ധിതയായ ഡോക്ടറെ ചെങ്കളയിലെ നാട്ടുകാരും വിടാൻ ഒരുക്കമല്ല. സ്നേഹപൂർവ്വമായ ഡോക്ടറുടെ ഇടപെടലിലും ചികിത്സരീതിയിലും ഏറെ മതിപ്പ് ഉണ്ടന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. നിലവിൽ ജില്ലയിൽ സിഎംഒ പോസ്റ്റുള്ളത് പള്ളിക്കരയിലും അജാനൂരിലും മാത്രമാണ്.    ഉടൻ പ്രാബല്യത്തിൽ വരുന്ന സിഎംഒ പ്രമോഷനായിക്കഴിഞ്ഞാൽ ഷീബ ഡോക്ടറുടെ സേവനം കാസറഗോഡ് ജില്ലയ്ക്ക് നഷ്ടമാവും. ആകയാൽ ഡോക്ടറുടെ സേവനം ചെങ്കള പഞ്ചായത്തിൽ തന്നെ ലഭ്യമാകുവാൻ വേണ്ടി നായന്മാർമൂല ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കലോഫീസർ  തസ്തിക സി എം ഒ തസ്തികയായി മാറ്റാനുള്ള പരിശ്രമത്തിലാണ് ഇന്നാട്ടുകാർ.  എന്തായാലും  ചെങ്കള പഞ്ചായത്തും നായന്മാർമൂല നാട്ടുകാരും ദൂരെ ദിക്കിൽ നിന്ന് പോലുമെത്തുന്ന രോഗികളും ഈ ജനകീയ ഡോക്ടറെ ഇവിടെ നിന്ന് വിടാൻ ഒട്ടും ഒരുക്കമല്ല.

Post a Comment

أحدث أقدم