ന്യൂഡൽഹി:(www.thenorthviewnews.in)  എസ്എൻസി ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇരുപതിലധികം തവണയാണ് കേസ് കോടതി മാറ്റിവച്ചിരുന്നത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാവും കോടതിയിൽ സിബിഐക്കായി ഹാജരാവുക. ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരാണ് ബഞ്ചിലുള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നൽകിയ ഹർജി. പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ ഹർജിയും ഈ കേസിനൊപ്പം കോടതി പരിഗണിക്കും.

Post a Comment

Previous Post Next Post