പ്രധാനമന്ത്രിയെന്താ ക്വാറന്‍റൈനില്‍ പോകാത്തതെന്ന് ശിവസേന



ന്യൂ ഡൽഹി :(www.thenorthviewnews.in)രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്‍റൈനില്‍ പോവാത്തതെന്ന് ശിവസേന. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല. ഇക്കാര്യമാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌ന ചോദ്യംചെയ്തത്.

75കാരനായ മഹന്ത് നൃത്യ മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂമിപൂജ വേദിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അദ്ദേഹത്തോട് അടുത്ത് ഇടപെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ബഹുമാനത്തോടെ നൃത്യ ഗോപാല്‍ ദാസിന്‍റെ കൈപിടിക്കുകയും ചെയ്തു. മഹന്ത് നൃത്യക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്നാണ് സാമ്നയുടെ മുഖപ്രസംഗം പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കോവിഡ് ബാധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണ്. ഡല്‍ഹി ഒരിക്കലും അത്രയും ഭയപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. ആഗസ്ത് 5നായിരുന്ന അയോധ്യയിലെ ഭൂമിപൂജ. നരേന്ദ്ര മോദിയും നിത്യ നൃത്യ ഗോപാല്‍ ദാസും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും ഉള്‍പ്പെടെ 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന് മുന്‍പ് രണ്ട് സഹപൂജാരിമാര്‍ക്കും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post