ആശയകുഴപ്പങ്ങളില്ല, വാർത്തകൾ കൃത്യമായി ജനങ്ങളിലെത്തിച്ചു. കോവിഡ് നിയന്ത്രണത്തിൽ മുഖ്യ പങ്ക് വഹിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസും


കാസര്‍കോട്:(www.thenorthviewnews.in) ജനങ്ങൾ കോവിഡിന്റെ ഭീതിയില്‍  കഴിയുമ്പോള്‍ ആധികാരിക വാര്‍ത്തകള്‍ കൃത്യവും വ്യക്തവുമായി എത്തിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സേവനം പ്രശംസ നേടി. കോവിഡിന്റെ ദുരിതത്തില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ അധികാരികളില്‍ നിന്നുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും എന്താണെന്ന് അറിയാന്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആധികാരിക വാര്‍ത്തകള്‍ ആശ്വാസമായി. മാധ്യമങ്ങളിലൂടെ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പുറമെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും അപ്പപ്പോള്‍ തന്നെ വിവരങ്ങള്‍ പങ്കുവെച്ചും ഡി.ഐ.ഒ. കര്‍മ്മ നിരതമായി.
ഓരോ ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം, അവര്‍ താമസിക്കുന്ന പഞ്ചായത്തുകള്‍, ഓരോ ദിവസവും പരിശോധനക്ക് വിധേയരായവരുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ശരിയായ അവബോധം ഉണ്ടായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്റെ നേതൃത്വത്തിലാണ് രാപ്പകലില്ലാതെ വാര്‍ത്തകള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്നത്. നിപ്പ വൈറസ് കേരളത്തെ നടുക്കിയ കാലത്ത് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത് മധുസൂദനന് കരുത്തായി. നിപ്പയില്‍ കുടുങ്ങി കോഴിക്കോട് വിറച്ചപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങളും മുന്‍ കരുതലുകളും എടുക്കുന്നതില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം കൈകോര്‍ത്ത് മുന്നില്‍ നിന്ന് നയിച്ചത് മധുസൂദനനാണ്. എന്താണ് നിപ്പയെന്നും എന്തൊക്കെ മുന്‍കരുതന്‍ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അറിയാതെ ജനങ്ങള്‍ പകച്ചുനില്‍ക്കുമ്പോള്‍ അവര്‍ക്ക് കൃത്യമായ വിവരങ്ങളും മുന്‍കരുതലുകളും നല്‍കിയത് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴിയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും ആരോഗ്യ വകുപ്പ് ഡയറക്ടറും ഈ സേവന മികവിന് മധുസൂദനനെ അഭിനന്ദിക്കുകയും ഉണ്ടായി. നിപ്പ കാലത്ത് സ്വീകരിച്ച നടപടികളാണ് കൊറോണക്കാലത്തും സംസ്ഥാനത്ത് ഉടനീളം പി.ആര്‍.ഡി. പിന്തുടര്‍ന്നത്. കാസര്‍കോട്ട് അസി.എഡിറ്റര്‍ റഷീദ് ബാബുവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ഷാനിയും സബ് എഡിറ്റര്‍ അഖില്‍ മറിയയും  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കരുത്തേകി ഒപ്പമുണ്ട്. ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ് എന്നീ രണ്ട് രീതികളിലാണ് ഡി.ഐ.ഒ. വാര്‍ത്തകള്‍ ക്രമീകരിച്ചത്. ഇവിടെ വരുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണുക, വ്യാജവാര്‍ത്ത കണ്ടെത്തി അറിയിക്കുക, മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട കാര്യങ്ങള്‍ അറിയിക്കുക, മലയാളം-കന്നട പ്രസ് റിലീസ്, ഇ-പത്രം, ഫേസ് ബുക്ക് ലൈവ്, ഫേസ്ബുക്ക് പേജ്, വാട്‌സ്ആപ്പ് അപ്‌ഡേറ്റ്‌സ്, പോസ്റ്റര്‍ പ്രചരണം, ഡോക്യുമെന്ററി, വീഡിയോ ക്ലിപ്‌സ് തുടങ്ങി വാര്‍ത്തകളുടെ എല്ലാ സാധ്യതകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ലഭ്യമാക്കി. ദീക്ഷിതയാണ് പോസ്റ്ററുകള്‍ ഒരുക്കുന്നത്. വേണുഗോപാല കെ. കന്നഡയും ദില്‍ന, അബ്ദുല്‍ കരീം, അനിത എന്നിവര്‍ പ്രാദേശിക വാര്‍ത്തകളും ഒരുക്കുന്നു. ഇവര്‍ക്ക് പുറമെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും കൊറോണക്കാലത്തെ ഈ വലിയ ദൗത്യത്തില്‍ ഒപ്പം നിന്ന് കരുത്ത് പകരുന്നുണ്ടെന്ന് മധുസൂദനന്‍ പറഞ്ഞു. കെയര്‍ ഫോര്‍ കാസര്‍കോട്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ പ്രചാരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രത്യേകം പരാമര്‍ശിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

Previous Post Next Post