പൊവ്വല്‍ : (www.thenorthviewnews.in) പൊവ്വല്‍ എട്ടാം മൈല്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായും പരിഹാരം കാണണമെന്ന് സി പി എം പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് ബ്രാഞ്ച് ആവശ്യപ്പെട്ടു. ദുരിതം പേറുന്ന ഈ റോഡില്‍ ഇതിനോടകം തന്നെ ഒരുപാട് അപകടങ്ങള്‍ നടന്നു കഴിഞ്ഞു, മൂന്നോളം ജീവന്‍ അപഹരിക്കേണ്ടി വന്ന വേദനാജനകമായ അവസ്ഥയും ഇവിടെ ഉണ്ടായിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം ഒലിച്ചു പോകാന്‍ കൃത്യമായ സംവിധാനം ഇല്ലാത്തതും ഇവിടെ നിലവിലുള്ള കല്‍വര്‍ട്ട് അശാസ്ത്രീയമായതും കാരണം റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനും അപകടങ്ങള്‍ കൂടുന്നതിനും കാരണമാകുന്നു. ഈ റോഡിനെ കുറച്ചു ഉയര്‍ത്തി കല്‍വര്‍ട്ട് നിര്‍മിച്ച് ഇവിടെ കോണ്‍ക്രീറ്റ് ചെയ്താല്‍ ഇവിടുത്തെ അപകടങ്ങള്‍ ഒഴിവാകാനും ഈ റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കാനും കഴിയും. ഈ വിഷയത്തെ ചൂണ്ടിക്കാട്ടി
ബഹു ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അവര്‍കള്‍ മുകാന്തരം ബഹു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് സി പി എം പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് ബ്രാഞ്ച് നിവേദനം നല്‍കി. സി പി എം മുളിയാര്‍ ലോക്കല്‍ സെക്രട്ടറി എം മാധവന്‍, പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് ബ്രാഞ്ച് സെക്രട്ടറി ജാസര്‍ പൊവ്വല്‍ എന്നിവര്‍ നേരിട്ടെത്തിയാണ് നിവേദനം നല്‍കിയത്, പി ഡബ്ലൂ ഡി എക്‌സിക്യൂട്ടിവ് എഞ്ചീനിയറെ കണ്ട് കാര്യ ഗൗരവം ബോധ്യപ്പെടുത്തി .ഈ വിഷയത്തില്‍ അടിയന്തരമായും ഒരു പരിഹാരം ഉണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു .

Post a Comment